എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന മനോഭാവം മാറണം; കേരളത്തില്‍ മാത്രമാണ് ഈ പ്രവണത: ഹൈക്കോടതി
എംഎസ്‌സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം. പക്ഷേ, അതിന് നമ്മള്‍ തയ്യാറാവില്ല. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല. ബിരുദമൊക്കെ നേടിയാല്‍ കേരളത്തിലെ യുവതീ യുവാക്കള്‍ക്ക് മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലുമാവുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്.
കൊച്ചി: എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മനോഭാവം മാറണമെന്ന ഉപദേശവുമായി ഹൈക്കോടതി. കേരളത്തില്‍ മാത്രമാണ് ഈ പ്രവണതയുള്ളത്. ബിരുദമൊക്കെ നേടിയാല്‍ മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പിഎസ്‌സി ജോലിക്കായി മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ദേവികുളം സ്വദേശിയുടെ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഇയാളുടെ ഹരജി ഹൈക്കോടതി തള്ളി. പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം ശക്തമാവുകയും പ്രതിപക്ഷം വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റേയും ജസ്റ്റിസ് എ ബദറുദീന്റേയും ബെഞ്ചാണ് ഹരജി പരിഗണിച്ചത്. എംഎസ്‌സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം. പക്ഷേ, അതിന് നമ്മള്‍ തയ്യാറാവില്ല. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല. ബിരുദമൊക്കെ നേടിയാല്‍ കേരളത്തിലെ യുവതീ യുവാക്കള്‍ക്ക് മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലുമാവുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. കൊവിഡ് പ്രതിസന്ധി കാരണം രാജ്യത്തെ ജിഡിപി താഴേക്കാണ് പോയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ടടിയ്ക്കാന്‍ അവകാശമുള്ളത്. കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അവകാശമുള്ളത്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറേണ്ട സമയം അതിക്രമിച്ചെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (എല്‍ജിഎസ്) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെഎടി) ഉത്തരവിനെതിരേ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാക്കുമെന്ന് ഹരജിയില്‍ പറയുന്നു. ഇതേ ഹരജി പരിഗണിയ്ക്കുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.