കുട്ടികളെ ധൈര്യമായി സ്‌കൂളില്‍ വിടാം, ഒരു ഉത്കണ്ഠയും വേണ്ട: മന്ത്രി വി ശിവന്‍കുട്ടി
വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്‌കൂളുകള്‍ ഒഴികെ എല്ലാ സ്‌കൂളുകളും നാളെ തുറക്കും. കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: കുട്ടികളെ രക്ഷിതാക്കള്‍ക്ക് ധൈര്യമായി ഒരു ഉത്കണഠയുമില്ലാതെ സ്‌കൂളില്‍ എത്തിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്‌കൂളുകള്‍ ഒഴികെ എല്ലാ സ്‌കൂളുകളും നാളെ തുറക്കും. കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നല്‍കും. 24300 തെര്‍മ്മല്‍ സ്‌കാനര്‍ വിതരണം ചെയ്തിട്ടുണ്ട്. രക്ഷകര്‍ത്താക്കള്‍ക്ക് ഉത്കണ്ഠ വേണ്ട. വാക്‌സിന് സ്വീകരിക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെന്നും അവര്‍ ഓണ്‍ലൈനായി വിദ്യാഭ്യാസം നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. അതേസമയം, 2282 അധ്യാപകര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനം കുട്ടികളുടെ കണ്ണിന് ഉള്‍പ്പെടെ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. വിദ്യാര്‍ഥികളുടെ കലാ-കായിക പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.