കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയെന്ന് ജാപ്പനീസ് നൊബേല്‍ ജേതാവ് പറഞ്ഞുവെന്നത് വ്യാജവാര്‍ത്ത

Update: 2020-04-26 07:34 GMT

ക്യോട്ടോ: ചൈനയാണ് കൊറോണ വൈറസിന്റെ സ്രഷ്ടാക്കളെന്ന് ജപ്പാനില്‍ നിന്നുളള നൊബേല്‍ ജേതാവ് പറഞ്ഞതായി ഒരു വാര്‍ത്ത കുറേ കാലമായി സാമൂഹിക മാധ്യമങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഈ വൈറസ് സ്വാഭാവികമായി ഉണ്ടായതല്ലെന്നും ചൈന കൃത്രിമമായി ലാബില്‍ സൃഷ്ടിച്ചതാണെന്നും വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാര ജേതാവായ പ്രഫ. തസുകു ഹോഞ്ചോ പറഞ്ഞതായാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അദ്ദേഹം ഇത്തരമൊരു അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത.

സ്വാഭാവികമായി ഉണ്ടായ വൈറസ് ആയിരുന്നുവെങ്കില്‍ അത് ലോകത്തെ ഇത്ര മോശമായി ബാധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതായാണ് ഇതു സംബന്ധിച്ച് പുറത്തുവന്ന ഒരു കുറിപ്പില്‍ പറയുന്നത്. ''ഓരോ രാജ്യത്തെയും അന്തരീക്ഷ ഊഷ്മാവ് ഓരോന്നാണ്. സ്വാഭാവികമായി ഉണ്ടായ വൈറസ് ആയിരുന്നെങ്കില്‍ ചൈനയുടെ ഊഷ്മാവുള്ള രാജ്യങ്ങളെ മാത്രമേ ബാധിക്കുമായിരുന്നുള്ളൂ. പകരം മരുപ്രദേശങ്ങളില്‍ ബാധിക്കുന്നതിനു സമാനമായ തോതിലാണ് സ്വിറ്റ്‌സര്‍ലാന്റിലും വൈറസ് വ്യാപിക്കുന്നത്. സ്വാഭാവികമായി ഉണ്ടായതായിരുന്നെങ്കില്‍ തണുപ്പുള്ള രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുകയും ഊഷ്മാവുള്ള പ്രദേശങ്ങളില്‍ വൈറസ് ചത്തുപോവുകയും ചെയ്യുമായിരുന്നു.''

വുഹാന്‍ ലാബില്‍ താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും ആ ലാബിലെ ജീവനക്കാരെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും പക്ഷേ, 3 മാസമായി ആരും ഫോണ്‍ എടുത്തിട്ടില്ലെന്നും അവര്‍ നേരത്തെ തന്നെ മരിച്ചിരിക്കുമെന്നും പ്രഫ. താസുകു പറഞ്ഞതായാണ് മറ്റൊരു അവകാശവാദം. പല ഡാറ്റയും പരിശോധിച്ച് ഇപ്പോഴത്തെ വൈറസ് മനുഷ്യന്‍ സൃഷ്ടിച്ചതാണെന്ന കാര്യം ഉറപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞതായി പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ പ്രഫ. തസുകു ഇങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് പരിശോധനയില്‍ നിന്ന് വ്യക്തമായത്. ടോക്കിയോ, ഒസാക്ക, നാഗോയ എന്നീ മൂന്ന് നഗരങ്ങളിലെ നിവാസികളോട് ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ച് പുറത്തുപോകുന്നത് ഒഴിവാക്കി പരമാവധി സംയമനം പാലിക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. വൈറസ് അണുബാധ കണ്ടെത്തുന്നതിനായി പിസിആര്‍ പരിശോധനകള്‍ പ്രതിദിനം പതിനായിരത്തിലധികം ആക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സൂചിപ്പിച്ചു. ജപ്പാന്‍, തായ്‌വാനെ മികച്ച മാതൃകയായി കണക്കാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍ ഈ അഭിമുഖങ്ങളിലൊരിടത്തും കൊറോണ വൈറസ് സ്വാഭാവികമല്ലെന്നും ചൈനയാണ് ഇത് നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞതായി കാണുന്നില്ല.

ക്യോേേട്ടാ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസര്‍ എന്നീ പദവികളില്‍ ജോലി ചെയ്യുകയാണ് പ്രഫ. തസുകു ഹോഞ്ചോ. അദ്ദേഹം ലോകപ്രശസ്തനായ ഫിസിഷ്യനും ഇമ്യൂണോളജിസ്റ്റുമാണ്. 2018 ലെ വൈദ്യശാസ്ത്ര പുരസ്‌കര ജേതാവുമാണ്. കാന്‍സര്‍ ചികില്‍സമായി ബന്ധപ്പെട്ട് നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്.  

Tags:    

Similar News