ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ചെന്ന് പരാതി; ആകാശ് തില്ലങ്കേരിക്കെതിരേ ജാമ്യമില്ലാക്കുറ്റം
കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. മുഴക്കുന്ന് പോലിസാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. സോഷ്യല്‍ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ഫേസ്ബുക്കിലൂടെയുള്ള ആകാശിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസ്.
ആകാശിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലിസ്. വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ ആകാശ് തില്ലങ്കേരിക്കെതിരേ ഡിവൈഎഫ്‌ഐയും എം വി ജയരാജനും പരസ്യമായി രംഗത്തുവന്നിരുന്നു. പാര്‍ട്ടി ഒരു ക്വട്ടേഷനും തില്ലങ്കേരിയെ ഏല്‍പ്പിച്ചിട്ടില്ലെന്നും ഷുഹൈബിനോട് എന്താണ് വിരോധമാണുള്ളതെന്നും ആര് ആഹ്വാനം ചെയ്തിട്ടാണ് കൊല നടത്തിയതെന്ന് തില്ലങ്കേരി വ്യക്തമാക്കണമെന്നുമാണ് എം വി ജയരാജന്‍ പറഞ്ഞത്.
ആകാശ് തില്ലങ്കേരി സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കുന്ന വ്യക്തിയാണെന്നായിരുന്നു ഡിവൈഎഫ്‌ഐ പറഞ്ഞത്. ഡിവൈഎഫ്‌ഐ നേതാക്കളെയും രക്തസാക്ഷി കുടുംബങ്ങളെയും ആകാശ് അധിക്ഷേപിക്കുന്നുവെന്നും ക്വട്ടേഷന്‍ സംഘങ്ങളെ പ്രതിരോധിക്കുകയും നിയമനടപടി സ്വീകരിക്കും ചെയ്യുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
ക്വട്ടേഷന് ആഹ്വാനം ചെയ്തവര്‍ക്ക് സഹരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും, പടിയടച്ച് പിണ്ഠംവയ്ക്കലും പ്രതിഫലമെന്നാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കില്‍ കുറിച്ചത്. അഹ്വാനം നല്‍കിയവര്‍ കേസുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കിയില്ല. പാര്‍ട്ടി സംരക്ഷിക്കാതിരുന്നപ്പോള്‍ ക്വട്ടേഷന്‍ അടക്കം മറ്റ് വഴികള്‍ തിരഞ്ഞെടുക്കണ്ടിവന്നു. തെറ്റിലേക്ക് പോവാനുള്ള കാരണം പോലും പാര്‍ട്ടി അന്വേഷിച്ചില്ല.
ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചരിക്കണ്ടിവന്നത്. ക്ഷമ നശിച്ചതുകൊണ്ടാണ് എല്ലാം ഇപ്പോള്‍ തുറന്നുപറയേണ്ടിവന്നതെന്നും ആകാശ് തില്ലങ്കേരി വ്യക്തമാക്കിയിരുന്നു. കമന്റ് വിവാദമായതിനെ തുടര്‍ന്ന് തില്ലങ്കേരിക്കെതിരായ പോസ്റ്റ് ഡിവൈഎഫ്‌ഐ നേതാവ് പിന്‍വലിച്ചിരുന്നു. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് സരീഷാണ് എഫ്ബി പോസ്റ്റ് പിന്‍വലിച്ചത്.