തീര്‍ഥാടകരല്ലാത്തവര്‍ക്ക് ത്വവാഫിന് അനുമതിയില്ല; നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൗദി
മക്ക: തീര്‍ഥാടകരല്ലാത്തവര്‍ക്ക് ത്വവാഫ് കര്‍മം നിര്‍വഹിക്കാന്‍ അനുമതി നല്‍കി എന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ സൗദി അധികൃതര്‍ നിഷേധിച്ചു. തീര്‍ഥാടകരല്ലാത്തവര്‍ക്ക് മതാഫിലേക്ക് പ്രവേശം നല്‍കുന്നത് കൊവിഡ് കാരണം നിര്‍ത്തിവച്ചതാണ്. അത് പുസനസ്ഥാപിച്ചു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം, പ്രവേശന വിലക്ക് പിന്‍വലിച്ചതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ ഉംറ സംഘം പുണ്യ ഭൂമിയിലെത്തി. ഇന്തോനേഷ്യയില്‍ നിന്നുള്ള ആദ്യ സംഘമാണ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇവര്‍ക്ക് മൂന്ന് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഉംറ ചെയ്യാന്‍ അനുമനതി നല്‍കുക.
ജനിതക മാറ്റം വന്ന കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയതോടെ ഡിസംബര്‍ 23ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവ് ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.