ജൂണ്‍ ആറിന് മുമ്പ് മടങ്ങണം; ഉംറ വിസയില്‍ സൗദിയിലെത്തിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹജ്ജ് ഉംറ മന്ത്രാലയം

2024ലെ ഹജ്ജിന് തൊട്ടുമുന്നോടിയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. മൂന്ന് മാസമാണ് സാധാരണ ഉംറ വിസകളുടെ കാലാവധി.

Update: 2024-01-20 10:04 GMT

റിയാദ്: ഉംറ വിസയില്‍ എത്തുന്നവരെല്ലാം ജൂണ്‍ ആറിന് മുമ്പായി സൗദിയില്‍നിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. വിസയില്‍ കാലാവധി ബാക്കിയുണ്ടെങ്കിലും ജൂണ്‍ ആറിനകം മടങ്ങിയിരിക്കണം. ഹജ്ജിന് മുന്നോടിയായി എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്നതാണ് നിയന്ത്രണം. 2024ലെ ഹജ്ജിന് തൊട്ടുമുന്നോടിയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. മൂന്ന് മാസമാണ് സാധാരണ ഉംറ വിസകളുടെ കാലാവധി. രാജ്യത്തേക്ക് പ്രവേശിക്കുന്നത് മുതലാണ് കാലാവധി കണക്കാക്കുക. എന്നാല്‍, ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും ഉംറ വിസക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ഈ വര്‍ഷം ഉംറക്കെത്തുന്ന തീര്‍ഥാടകര്‍ ജൂണ്‍ ആറിന് (ദുല്‍ഖഅദ് 29) മുമ്പ് രാജ്യം വിടണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉംറ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും മന്ത്രാലയം നല്‍കി. വിസയില്‍ കാലാവധി അവശേഷിക്കുന്നുണ്ടെങ്കിലും നിശ്ചിത തീയതിക്കകം മടങ്ങാന്‍ നിര്‍ബന്ധമാണ്. ഇതിനുശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്ക് കടുത്ത പിഴയുള്‍പ്പടെയുള്ള നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുതുതായി ഉംറക്കെത്തുന്ന തീര്‍ഥാടകരുടെ വിസയില്‍ മടങ്ങേണ്ട അവസാന തീയതിയുള്‍പ്പടെ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച് മുഹറം ഒന്നിനാണ് പുതിയ ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമനുവദിക്കാറ്.

Tags:    

Similar News