മുസ്‌ലിം ലീഗിലെ വനിതാ വാദത്തെ തള്ളി നൂര്‍ബിന റഷീദ്; 'ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്‌ലിം ആണെന്ന ബോധം മറക്കരുത്'
പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ അവരോധിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിലാണ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്
മലപ്പുറം: മുസ്‌ലിം ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്‌ലിം ആണെന്ന ബോധം മറക്കരുതെന്ന് വനിതാ ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്. സമുദായത്തെ മറന്ന് രാഷ്ട്രീയം പ്രവര്‍ത്തിക്കരുതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. ഹരിതയുടെ സി എച്ച് അനുസ്മരണ ഏകദിന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് അവര്‍ ഹരിത അംഗങ്ങള്‍ക്ക് ഉപദേശം നല്‍കിയത്.
പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ അവരോധിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിലാണ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. മുസ്‌ലിം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നില കൊള്ളുന്നത്. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവര്‍ത്തനം. 'ലീഗിന്റെ ന്യൂനപക്ഷം എന്നാല്‍ മത ന്യൂനപക്ഷമാണ്. ലീഗ് ഭരണഘടനയില്‍ എവിടെയും ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള്ളാന്‍ പറഞ്ഞിട്ടില്ല. മുസ്‌ലിം സമുദായത്തില്‍ ജനിച്ചവര്‍ക്ക് ഒരു സംസ്‌കാരം ഉണ്ട്. അത് എല്ലാവരും കാത്ത് സൂക്ഷിക്കണം. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് എന്റെ മാതൃക - നൂര്‍ബിന പറഞ്ഞു.
മുസ്്‌ലിം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും മുന്‍ ഭാരവാഹികളെ തളളിപ്പറഞ്ഞും പുതിയ ഹരിത നേതൃത്വവും രംഗത്തെത്തി. ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്‍ പരിപാടിയില്‍ പറഞ്ഞു.