പരാതി പിന്‍വലിപ്പിക്കാന്‍ കുടുംബങ്ങളിലും സമ്മര്‍ദ്ദം; ഹരിത നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു
മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വനിതാ കമീഷനില്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ഹരിത നേതാക്കളുടെ കുടുംബങ്ങളിലും സമ്മര്‍ദം. മുസ് ലിംലീഗ് പ്രാദേശിക നേതാക്കളായ ഹരിത ഭാരവാഹികളുടെ ഭര്‍ത്താവ്, പിതാവ് എന്നിവരെ ബന്ധപ്പെട്ടാണ് മുസ് ലിം ലീഗ് നേതാക്കള്‍ പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍, ഹരിത നേതാക്കള്‍ പരാതിയില്‍ ഉറച്ച് നിന്നതോടെ അവരെ പാണക്കേട്ട് വിളിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് 4.30ന് പാണക്കാട്ട് വെച്ചാണ് ചര്‍ച്ച നടക്കുന്നത്. ഹരിത ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയേയാണ് വിളിപ്പിച്ചത്. ഇവരോടൊപ്പം സംസ്ഥാന ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.
ഹരിതയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എം.കെ. മുനീര്‍, പി.എം.എ സലാം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. എം.എസ്.എഫ് ഹരിത നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ചര്‍ച്ചകള്‍ പൂര്‍ത്തിയായശേഷം പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പി കെ നവാസിനെതിരെ വനിതാ കമീഷനില്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ലീഗ് നേതൃത്വം ഇടപെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പരാതി നല്‍കിയ ഹരിത നേതാക്കളെ നേതൃത്വം തള്ളിപ്പറയുന്നുണ്ടെങ്കിലും, പരാതി പിന്‍വലിക്കുകയാണെങ്കില്‍ നവാസിനെതിരെ നടപടിയെടുക്കാമെന്ന് ഇവര്‍ക്ക് വാഗ്ദാനം നല്‍കിയതായാണ് വിവരം. എന്നാല്‍, പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടിലാണ് ഹരിത നേതാക്കള്‍.
അതേസമയം, ഹരിത നേതാക്കള്‍ക്കെതിരെ നടപടിയെടുപ്പിക്കാനാണ് എംഎസ്എഫ് നേതാക്കളുടെ ശ്രമം. ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിക്കും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കുമെതിരെ നടപടിയെടുപ്പിക്കാനാണ് പി കെ നവാസ് ഉള്‍പ്പടെയുള്ളവരുടെ ശ്രമിക്കുന്നതെന്ന് ഹരിത നേതാക്കള്‍ ആരോപിച്ചു. സ്ത്രീ വിരുദ്ധമായ പരാമര്‍ശം നടത്തിയ എംഎസ്എഫ് നേതാവിനെതിരേ മുസ് ലിംലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതിരുന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഇതോടെ, ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു.