എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ അന്വേഷിച്ച കേസില്‍ ദുരൂഹത; എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് പുനരന്വേഷിക്കണമെന്ന് മുസ് ലിം ലീഗ്
കോഴിക്കോട്: ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ അന്വേഷിച്ച എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് പുനരന്വേഷണം നടത്തണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരണപ്പെടുകയും ഒമ്പതുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത കേസ് 10 മാസം അന്വേഷിച്ചത് ഇപ്പോള്‍ ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എം ആര്‍ അജിത്ത് കുമാറാണ്. തുടര്‍ന്നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. കര്‍ണാടക തിരഞ്ഞെടുപ്പ് അട്ടിമറിക്കുക ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തതാണ് ട്രെയിന്‍ തീവയ്പ് എന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ ഗൂഢാലോചന സംശയിക്കുന്നുണ്ട്. എഡിജിപിയും സംഘപരിവാറും മുഖ്യമന്ത്രിയും അറിഞ്ഞാണ് ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നതെന്നും കെ എം ഷാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ട്രെയിന്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാണ് തോന്നുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് സംഭവം ഉണ്ടായത്. ചില ദേശീയ മാധ്യമങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ സംശയങ്ങളുയര്‍ത്തിയിരുന്നു. ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയ്ഫി വന്ന് ട്രെയിനിന് തീയിട്ടതിലും ആ ട്രെയിനില്‍ തന്നെ രക്ഷപ്പെട്ടതിലും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമടങ്ങിയ ബാഗ് ട്രെയിനില്‍ ഉപക്ഷിച്ചതിലുമെല്ലാം വലിയ ദുരൂഹതയുണ്ട്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പിന്നീടാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത് ചോരവാര്‍ന്ന് മരിച്ചെന്നാണ്. ഒരു ട്രെയിന്‍ അപകടം ഉണ്ടായാല്‍ ഉടന്‍ അന്വേഷണം നടത്തിയാല്‍ പരിസരത്തുള്ളവരെ കണ്ടെത്താനാവില്ലേ. ട്രെയിനില്‍നിന്ന് തള്ളിയിട്ടതാണോ എന്നും അറിയേണ്ടതുണ്ട്. പൊള്ളലേറ്റ പ്രതി അതേ ട്രെയിനില്‍തന്നെ കണ്ണൂരിലേക്ക് വന്നു. പിന്നീട് അന്വേഷണം നടക്കുന്നതിനിടെ മഹാരാഷ്ട്ര എടിഎസാണ് പിടികൂടിയത്. ഇത്രയും കാര്യങ്ങള്‍ ഷാരൂഖ് സെയ്ഫി ഒറ്റയ്ക്ക് ചെയ്‌തെന്ന് വിശ്വസിക്കാനാവില്ല.
പ്രതി പിടിയിലായതോടെ ഇയാള്‍ 'ഷാഹീന്‍ ബാഗുകാരനല്ലേ' എന്നാണ് എഡിജിപി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞത്. ഷeഹീന്‍ ബാഗ് പൗരത്വ സമരം ശക്തമായി നടന്ന സ്ഥലമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഈ പ്രദേശം തീവ്രവാദികളുടെ സ്ഥലമെന്ന രീതിയിലാണ് എഡിജിപി വിശേഷിപ്പിച്ചത്. പിന്നീട്, അവിടെ നിന്ന് കുറേ പേരെ ചോദ്യം ചെയ്യാനായി കൊച്ചിയില്‍ കൊണ്ടുവന്നു. പിടിച്ചുകൊണ്ടുവന്ന പയ്യന്മാരിലൊരാളുടെ പിതാവ് മുഹമ്മദ് ഷാറൂഖ് കൊച്ചിയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ടു. ആത്മഹത്യയെന്നാണ് പോലിസ് പറയുന്നതെങ്കിലും ദുരൂഹമാണ് ഈ മരണം. എഡിജിപി കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുമെന്ന പി വി അന്‍വറിന്റെ വാക്കുകളാണ് അലയടിക്കുന്നത്. ഷാറൂഖ് സെയ്ഫി മാത്രമാണ് തീവയ്പിന് പിന്നിലെന്ന് പറഞ്ഞ എഡിജിപി ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നോ, പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതൊന്നും അന്വേഷിച്ചില്ല. സിംഗിള്‍ തീവ്രവാദി എന്ന നിലയ്ക്ക് അന്വേഷണം പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. ആര്‍എസ്എസിന് എല്ലാ സംസ്ഥാനങ്ങളിലും 'ഡീപ് സ്‌റ്റേറ്റ് പ്രൊജക്റ്റ്' ഉണ്ട്. മകള്‍ക്കെതിരായ കേസുകള്‍ ഒഴിവായിക്കിട്ടാന്‍ മുഖ്യമന്ത്രി ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും കെ എം ഷാജി തുറന്നടിച്ചു.
കേസന്വേഷണത്തില്‍ പ്രതിയെയും കൊണ്ടുവന്ന വാഹനം കണ്ണൂര്‍ മമ്മാക്കുന്നില്‍ എത്തിയപ്പോള്‍ കേടായി. ഇത് പകര്‍ത്തിയ ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പോലിസിന്റെ വീഴ്ചയാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, അവര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. പ്രതിയുടെ വിവരം ചോര്‍ന്നെന്നു പറഞ്ഞ് ഐജി വിജയനെ മാറ്റിയതും ദുരൂഹമാണെന്ന് കെ എം ഷാജി പറഞ്ഞു.