3 ലക്ഷം പ്രവാസി മലയാളികളെ നോര്‍ക്ക കബളിപ്പിച്ചുവെന്ന് ആരോപണം

കാത്തിരുന്ന് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കേണ്ട അവശസ്ഥയാണുള്ളത്.

Update: 2020-04-30 12:54 GMT

ദുബയ്: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന 3 ലക്ഷത്തോളം മലയാളികളെ കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കറൂട്ട്‌സ് വിഡ്ഡികളാക്കിയെന്ന് ആരോപണം. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസി മലയാളികളും നോര്‍ക്കാറൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നത്. അടിയന്തിരാവശ്യങ്ങള്‍ക്ക് നാട്ടില്‍ പോകണമെങ്കില്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവാസികള്‍ താമസിക്കുന്ന രാജ്യങ്ങളിലെ നയതന്തകാര്യാലയങ്ങളിലെ വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. അടിയന്തിരമായി നാട്ടില്‍ പോകാനായി ഇന്നലെ വരെ 3 ലക്ഷത്തിലധികം പേരാണ് നോര്‍ക്കയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നത്.

അടിയന്തിരമായി നാട്ടില്‍ പോകാനായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഗര്‍ഭിണികളും രോഗികളും തൊഴില്‍ നഷ്ടപ്പെട്ടവരും കേരള സര്‍ക്കാരിന്റെ അറിയിപ്പ്് കിട്ടിയതിനെ തുടര്‍ന്ന് കൂട്ടത്തോടെ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയതോടെ സൈറ്റ് പ്രവര്‍ത്തനരഹിതമാകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ വരെ കാത്തിരുന്നാണ് അടിയന്തിരമായി നാട്ടിലേക്ക് പോകേണ്ട പ്രവാസികള്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നത്. ഇത്തരത്തില്‍ കാത്തിരുന്ന് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കേണ്ട അവശസ്ഥയാണുള്ളത്. 

Tags:    

Similar News