ജ്ഞാനപീഠം ജേതാവും കവിയുമായ ശംഖ ഘോഷ് കൊവിഡ് ബാധിച്ച് മരിച്ചു
ബംഗാളിയില്‍ ഏറെ ആദരിക്കപ്പെടുന്ന കവിയും നിരൂപകനുമാണ് ശംഖ ഘോഷ്. ബംഗാളിസാഹിത്യത്തിലെ ഏറ്റവും സൗമ്യസാന്നിധ്യമായാണ് അദ്ദേഹം അറിയപ്പെട്ടത്.
കൊല്‍ക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരന്‍ ശംഖ ഘോഷ് കൊവിഡ് ബാധിച്ച് മരിച്ചു. 89വയസായിരുന്നു. ഇദ്ദേഹം വൈറസ് ബാധിതനായി ചികില്‍സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബംഗാളിയില്‍ ഏറെ ആദരിക്കപ്പെടുന്ന കവിയും നിരൂപകനുമാണ് ശംഖ ഘോഷ്. ബംഗാളിസാഹിത്യത്തിലെ ഏറ്റവും സൗമ്യസാന്നിധ്യമായാണ് അദ്ദേഹം അറിയപ്പെട്ടത്.
ബംഗാളിസാഹിത്യത്തിന്റെ ഭാവുകത്വത്തെ നവീകരിച്ച കവികളില്‍ ഒരാള്‍കൂടിയായിരുന്നു ശംഖ ഘോഷ്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയതാത്പര്യങ്ങളൊന്നുമില്ലാതെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. ഭരണകൂടങ്ങള്‍ മാറിവന്നപ്പോഴും ജനവിരുദ്ധനിലപാടുകള്‍ സ്വീകരിച്ചവരോടെല്ലാം പ്രതികരണങ്ങളുമായി ഇദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.
രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. ജ്ഞാനപീഠം കൂടാതെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, സരസ്വതീസമ്മാന്‍ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ശംഖ ഘോഷിനെ പദ്മഭൂഷണ്‍ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്.