രോഗി മരിച്ചെന്ന് അറിയിപ്പ്; മൃതദേഹം വാങ്ങാനെത്തിയപ്പോള്‍ മരിച്ചില്ലെന്ന് വിശദീകരണം; ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ പരാതി

നേരത്തെയും വണ്ടാനം മെഡിക്കല്‍ കോളിജിനെതിരായി പരാതികള്‍ ഉയര്‍ന്നിരുന്നു.

Update: 2021-09-11 09:04 GMT
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും മരണപ്പെടാത്ത രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് തെറ്റായ വിവരം നല്‍കി. കൊവിഡ് ചികിത്സയിലുള്ള രോഗി മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് തെറ്റായ വിവരം നല്‍കിയത്. ഇന്നലെ രാത്രിയാണ് കായംകുളം സ്വദേശി രമണന്‍ മരിച്ചെന്ന് ബന്ധുക്കള്‍ക്ക് തെറ്റായ വിവരം ലഭിച്ചത്.


ശവ സംസ്‌കാരത്തിന് തയ്യാറെടുപ്പുകള്‍ നടത്തി മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍ മരിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം. നേരത്തെയും വണ്ടാനം മെഡിക്കല്‍ കോളിജിനെതിരായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച ചെങ്ങന്നൂര്‍ സ്വദേശി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്നും ഹരിപ്പാട് സ്വദേശിയായ രോഗി മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നും ഇവരുടെയും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.


ഇതേ തുടര്‍ന്ന് രോഗികളുടെ മരണവിവരം യഥാസമയം ബന്ധുക്കളെ അറിയിച്ചില്ലെന്ന ആരോപണത്തില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെതിരെ നടപടിയെടുത്തിരുന്നു. സൂപ്രണ്ടായിരുന്ന ഡോ.രാം ലാലിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ഡോ.സജീവ് ജോര്‍ജ് പുളിക്കലിനെ പുതിയ സൂപ്രണ്ടായി നിയമിക്കുകയായിരുന്നു. ആശുപത്രിയില്‍ ഇപ്പോഴുണ്ടായ ഗുരുതര വീഴ്ചയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.




Tags:    

Similar News