ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ ആദിവാസി സ്ത്രീകള്‍ക്ക് നേരെ അതിക്രമം. ക്രിസ്മസ് ദിനത്തിനത്തിന്റെ പിറ്റേന്ന് ആണ് സംഭവം. ഒരു ഹിന്ദുമത വിശ്വാസിയായ ഒരാളെ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ട് ആദിവാസി സ്ത്രീകളെ ഹിന്ദുത്വര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി പ്രതാപ് സാരംഗിയുടെ ലോക് സഭാമണ്ഡലമാണ് ബാലസോര്‍.
നാല്‍പ്പതുവയസ്സുള്ള രണ്ട് ആദിവാസി സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ട് അവരില്‍ ഒരാളുടെ മുഖത്ത് കേക്ക് തേക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. സുഭാഷിനി സിങ്, സുകാന്തി സിങ് എന്നീ സ്ത്രീകള്‍ക്കു നേരെയാണ് മര്‍ദ്ദനം. വലിയ തരത്തിലുള്ള അപമാനമാണ് സ്ത്രീകള്‍ നേരിട്ടത്. (ഹിന്ദു) മതത്തെയും സംസ്‌കാരത്തെയും നശിപ്പിച്ചതിന് ഉത്തരവാദികളാണെന്ന് പറഞ്ഞ് ഹിന്ദുത്വര്‍ ഇവരെ വളയുകയും പിടിച്ച് കെട്ടിയിട്ടതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നു.'ഭാരത് മാതാ കീ ജയ്', 'ജയ് ശ്രീറാം' എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടായിരുന്നു മര്‍ദ്ദനം.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി അതിന്റെ പിറ്റോന്ന് നീലഗിരി പ്രദേശത്ത്, ഗോബിന്ദ് സിങ് (40) എന്നയാളുടെ വീട്ടിലേക്ക് വന്നതായിരുന്നു സുഭാഷിനി സിങും സുകാന്തി സിങും. എന്നാല്‍ ഗോബിന്ദ് സിങിനെ മതം മാറ്റാന്‍ വന്നതാണ് ഇവരെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ സ്ഥലത്ത് തടിച്ചുകൂടി. കുറച്ചു പേര്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ട് അവര്‍ കൊണ്ടുവന്ന കേക്ക് തന്നെ അവരുടെ മുഖത്ത് തേച്ചു. മതം മാറ്റത്തിനു ശ്രമിച്ചെന്നാരോപിച്ച് ഗോബിന്ദ് സിങിനെയും അവര്‍ അപമാനിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ബാപിന്‍ നായക്, പിതാംബര്‍ ബിസ്വാള്‍, പ്രശാന്ത് നായക്, ബാദല്‍ പാണ്ഡ എന്നീ നാല് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഒഡീഷ ഫ്രീഡം ഓഫ് റിലീജിയന്‍സ് ആക്ട്, 1967 എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഭവം ലജ്ജാകരവും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും ഒഡീഷ കോണ്‍ഗ്രസ് വക്താവ് അമിയ പാണ്ഡബ് പറഞ്ഞു. ''ലജ്ജാകരമായ കാര്യമാണിത്.അതും സ്ത്രീകള്‍ക്കെതിരെ, ഏറ്റവും ദുര്‍ബലരായ ആദിവാസി സ്ത്രീകള്‍ക്കെതിരെയാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ പ്രസിഡന്റും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളാണെന്നും ഓര്‍ക്കുക,' പാണ്ഡബ് പറഞ്ഞു.
സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെയുള്ള സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഭീഷണി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് മുന്‍ ബിജു ജനതാദള്‍ (ബിജെഡി) എംഎല്‍എ ലതിക പ്രധാന്‍ പറഞ്ഞു.''എല്ലായിടത്തും അവര്‍ നിരന്തരമായ ഭീഷണിയിലാണ്. ആരെങ്കിലും അനധികൃത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ശ്രദ്ധിക്കാന്‍ നിയമമുണ്ട്. പക്ഷേ, നിയമം കൈയിലെടുക്കാന്‍ പറ്റുന്നവരെ സാധാരണക്കാരെ അനുവദിക്കരുത്'അദ്ദേഹം പറഞ്ഞു.