വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സ് കേസ്; ജോജു ജോര്‍ജ് പിഴ അടച്ചു

Update: 2022-05-30 14:10 GMT

ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സ് കേസില്‍ നടന്‍ ജോജു ജോര്‍ജ് പിഴ അടച്ചു. 5,000 രൂപയാണ് പിഴയായി അടച്ചത്. മോട്ടോര്‍ വാഹനവകുപ്പാണ് പിഴയിട്ടത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും അനുമതിയില്ലാതെ നടത്തിയ റെയ്‌സില്‍ പങ്കെടുത്തതിനുമാണ് പിഴ. ജോജു ജോര്‍ജ് നേരത്തെ ഈ കേസില്‍ ഇടുക്കി ആര്‍ടിഒയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരായിരുന്നു.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍ടിഒ ജോജുവിന് നോട്ടീസ് നല്‍കിയിരുന്നു. അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്‌റ്റേറ്റിനുള്ളിലായതിനാല്‍ മറ്റാര്‍ക്കും അപകടമുണ്ടാവുന്ന തരത്തില്‍ അല്ല വാഹനമോടിച്ചതെന്നുമാണ് ജോജു മൊഴി നല്‍കിയത്.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണെങ്കില്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് നടന്‍ രേഖാമൂലം ഉറപ്പുനല്‍കുകയും ചെയ്തു. മൊഴി പരിശോധിച്ച ശേഷമാണ് ജോജുവിന് പിഴ ഈടാക്കി നടപടി അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. അതിനിടെ, പരിപാടിയില്‍ പങ്കെടുത്ത് വാഹനം ഓടിച്ച 12 പേര്‍ക്ക് വാഗമണ്‍ പോലിസ് നോട്ടീസ് അയച്ചു. വാഹനങ്ങളുമായി നേരിട്ട് സ്‌റ്റേഷനില്‍ ഹാജരാവാനാണ് നിര്‍ദേശം. നാലുപേര്‍ നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു.

Tags:    

Similar News