ഇന്ധനവില വര്‍ധനവ്: നികുതി ഭീകരതയെന്ന് പ്രതിപക്ഷം; കൊള്ളനടത്താനുള്ള നയം കൊണ്ടുവന്നത് യുപിഎ സര്‍ക്കാരെന്ന് ധനമന്ത്രി
കേന്ദ്രത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ട സാഹചര്യമാണുള്ളതെന്ന് പ്രമേയത്തിന് മറുപടിയായി മന്ത്രി കെഎം ബാലഗോപാല്‍ പറഞ്ഞു. മോഡി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരിക്കൊടുക്കുകയാണെന്ന് ഷാഫി പറമ്പില്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇന്ധന വിലവര്‍ദ്ധനവ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പെട്രോള്‍ വിലവര്‍ദ്ധനവ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അധിക നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു.
നികുതി ഭീകരതയാണ് നടക്കുന്നത്. മോഡി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരിക്കൊടുക്കുകയാണെന്ന് പ്രമേയത്തില്‍ ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
കേന്ദ്രത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ട സാഹചര്യമാണുള്ളതെന്ന് പ്രമേയത്തിന് മറുപടിയായി മന്ത്രി കെഎം ബാലഗോപാല്‍ പറഞ്ഞു. മുന്‍ യുപിഎ സര്‍ക്കാരാണ് ഇന്ധനവില വര്‍ധിപ്പിക്കുന്ന നയം സ്വീകരിച്ചത്. ഇത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 112 രൂപ 59 പൈസയാണ്. രാജ്യത്ത് ഇന്ധനവില വര്‍ധനയില്‍ റെക്കോഡ് വര്‍ധവായിരുന്നു ഒക്ടോബര്‍ മാസത്തിലുണ്ടായത്. പെട്രോളിന് ഏഴ് രൂപ എണ്‍പത്തിരണ്ട് പൈസയും ഡീസലിന് എട്ട് രൂപ എഴുപത്തൊന്ന് പൈസയുമാണ് ഒക്ടോബറില്‍ കൂടിയത്.