ലോകത്ത് ഒമിക്രോണ്‍ ബിഎ.2 വകഭേദം പടരുന്നു; പ്രത്യേകതകള്‍ എന്തൊക്കെ?

Update: 2022-03-22 09:59 GMT

ന്യൂഡല്‍ഹി; ലോകത്ത് ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 വ്യാപിക്കുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലാണ് രോഗവ്യാപനം കൂടുതല്‍ ദൃശ്യമായിട്ടുള്ളത്.

സാന്‍ഡിയാഗൊ ആസ്ഥാനമായ ഹെലിക്‌സ് ജിനോമിക്‌സ് കമ്പനിയാണ് ഈ വകഭേദത്തെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ജനുവരിയിലാണ് ഇത് ആദ്യമായി ലോകശ്രദ്ധയില്‍ പെട്ടതും.

യുഎസ്സിലെ 50 മുതല്‍ 70 ശതമാനം കൊവിഡ് കേസുകളും ബിഎ.2 വകഭേദമാണെന്നാണ് ബ്ലൂംബെര്‍ഗ് റിപോര്‍ട്ട് ചെയ്തത്.

യുഎസ്സിലെ 60 ശതമാനം ഒമിക്രോണ്‍ കേസുകളും ഈ വകഭേദമാണെന്നാണ് വൈറ്റ് ഹൗസ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. ആന്റണി ഫൗസി പറയുന്നത്. മാത്രമല്ല, ഇത് സാധാരണ ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുളളതുമാണ്.

ഇതിന് മറ്റുള്ളവയെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണെന്ന് ഡോ. ഫൗസി എബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഈ വകഭേദത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം വാക്‌സിനും അതിന്റെ ബൂസ്റ്റര്‍ ഡോസും എടുക്കുകയാണെന്ന് ഡോ. ഫൗസി പറയുന്നു.

ബിഎ. 2 ഇപ്പോള്‍ ചൈനയിലും യൂറോപ്പിലെ പലയിടങ്ങളിലും പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബിഎ.1നേക്കാള്‍ കുറച്ചുമാത്രം അപകടകാരിയാണ് ബിഎ.2 എന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. ബിഎ.2വിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് സ്റ്റേല്‍ത്ത് ഒമിക്രോണ്‍ എന്നാണ് വിളിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെ പഠനപ്രകാരം ബിഎ.2വും ബിഎ.1ഉം വ്യത്യസ്തമാണ്. ബിഎ.1വിനേക്കാള്‍ വളര്‍ച്ചാശേഷി ബിഎ.2വിനാണ്. ഇതിനുള്ള കാരണം വ്യക്തമല്ലെങ്കിലും പഠനം പുരോഗമിക്കുന്നുണ്ട്. 

Tags:    

Similar News