ഓണരാവുകള്‍ക്ക് നിറമേകാന്‍ നൃത്തവും ഗസലും നാടന്‍പാട്ടും

Update: 2022-08-26 16:43 GMT

തൃശൂര്‍: രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം ഡിടിപിസി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് മിഴിവേകാന്‍ നൃത്തവും നാടന്‍പാട്ടും ഗസലും കോമഡിഷോയും. സെപ്തംബര്‍ 7 മുതല്‍ 11 വരെ തേക്കിന്‍കാട് മൈതാനത്ത് വൈവിധ്യമാര്‍ന്ന കലാപരിപാടികളാവും അരങ്ങേറുക.

നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം, തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, റാസ ബീഗം അവതരിപ്പിക്കുന്ന ഗസല്‍, കൊച്ചിന്‍ ഹീറോസിന്റെ ഡാന്‍സ്‌ഷോ തുടങ്ങിയ പരിപാടികള്‍ ഓണാഘോഷ സന്ധ്യകള്‍ക്ക് മാറ്റേകും. ഓണാഘോഷം നടക്കുന്ന അഞ്ച് ദിവസങ്ങളിലും ഒന്നിലേറെ കലാപരിപാടികളാണ് ഡിടിപിസി ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയായ തേക്കിന്‍കാടും പരിസരപ്രദേശങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കും.

ഓണാഘോഷം സംബന്ധിച്ച അവലോകനയോഗം നാളെ വൈകിട്ട് 5 മണിക്ക് ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ ചേരും. ജില്ലയിലെ മന്ത്രിമാര്‍, എംഎല്‍എമാര്‍ , തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സംഘാടക സമിതി അംഗങ്ങള്‍, വിവിധ വകുപ്പ് തലവന്മാര്‍, സര്‍വകലാശാല അക്കാദമി മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ കേന്ദ്രത്തിലെ ആഘോഷത്തിനുപുറമെ ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, പീച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പ്രാദേശികമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പ്രാദേശിക സംഘാടകസമിതികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഓരോ കേന്ദ്രങ്ങളിലും കലാ വിനോദ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കാരണം രണ്ട് വര്‍ഷമായി മിക്കവാറും സമയങ്ങളില്‍ അടഞ്ഞു കിടക്കുകയായിരുന്ന ടൂറിസം കേന്ദ്രങ്ങള്‍ ഓണാഘോഷത്തെ വരവേല്‍ക്കുന്നതിനായി വിവിധ നവീകരണ പ്രവൃത്തികളും പുരോഗമിക്കുകയാണ്.

Tags:    

Similar News