നിലമ്പൂരില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

Update: 2022-09-03 15:04 GMT

മലപ്പുറം: നിലമ്പൂരില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. നിലമ്പൂര്‍ മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ റോഡില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. റോഡില്‍വച്ച് പരസ്പരം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓണാഘോഷത്തിന് പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് വരരുതെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് മറികടന്ന് ചില വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് സ്‌കൂളിലെത്തിയതാണ് സംഘര്‍ഷത്തിന് കാരണം.

പ്ലസ്ടു വിദ്യാര്‍ഥികള്‍ പ്രശ്‌നമുണ്ടാക്കുമെന്ന സൂചനയെത്തുടര്‍ന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളുടെ ക്ലാസ് നേരത്തെ വിട്ടു. അധ്യാപകരുടെയും പിടിഎ പ്രതിനിധികളുടെയും സംരക്ഷണയില്‍ ഇവരെ ജനതപ്പടി ബസ് സ്റ്റാന്‍ഡ് വരെയെത്തിച്ചു. കുഴപ്പമൊന്നുമില്ലെന്ന് കരുതി ഇവര്‍ മടങ്ങിയതിന് പിന്നാലെയാണ് പ്ലസ്ടു വിദ്യാഥികള്‍ ആക്രമണം അഴിച്ചുവിട്ടത്. തല്ലില്‍ ഒരു വിദ്യാര്‍ഥിയുടെ എല്ലിന് പൊട്ടലുണ്ട്. പോലിസെത്തി ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തേക്കുമെന്നാണ് വിവരം.

Tags:    

Similar News