കണ്ണൂര്‍: ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളുടെ അപകടകരമായ ഡ്രൈവിങ് തുടരുന്നു. കണ്ണൂര്‍ കാഞ്ഞിരോട് നെഹര്‍ കോളജ് വിദ്യാര്‍ഥികളാണ് കാറിന്റെ ഡോറില്‍ കയറിയിരുന്ന് യാത്ര ചെയ്തത്. ഇന്നാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.
കോഴിക്കോട് ഫാറൂഖ് കോളജിലും സമാനമായ സംഭവം കഴിഞ്ഞ ദിവസം നടന്നിരുന്നു. കാര്‍ ഓടിച്ച ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പോലിസ് നോട്ടിസ് നല്‍കിയിരുന്നു. 10 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിത സാമൂഹ്യസേവനം ചെയ്യണമെന്നും എടപ്പാളിലെ ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കാനും എംവിഡി നിര്‍ദേശിച്ചു. റോഡുകളിലേക്ക് അതിരുവിട്ടെത്തുന്ന ഓണാഘോഷം നിരീക്ഷിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തുനിഞ്ഞിറങ്ങിയിട്ടുണ്ട്. കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അതിനിടെ ഫാറൂഖ് കോളജ് വിദ്യാര്‍ഥികളുടെ ഗതാഗത നിയമ ലംഘനത്തില്‍ ഇടപെട്ട് ഹൈക്കോടതി. മോട്ടോര്‍ വാഹനവകുപ്പിനോടും പോലിസിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.