വൈരമുത്തുവിനെതിരേ പഴയ 'മീടു' ഉയര്‍ത്തി കെആര്‍ മീര; പ്രതിരോധിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍; ഒടുവില്‍ ഒഎന്‍വി പുരസ്‌കാരം പുനപ്പരിശോധിക്കാന്‍ തീരുമാനം
അവാര്‍ഡിനെചൊല്ലിയുള്ള രണ്ട് ദിവസത്തെ സാമൂഹ്യമാധ്യമ ചര്‍ച്ച അവസാനിച്ചു
തിരുവനന്തപുരം: പ്രമുഖ തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പുനപ്പരിശോധിക്കാന്‍ തീരുമാനം. വൈരമുത്തുവിന് പുരസ്‌കാരം നല്‍കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാഡമി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
പുരസ്‌കാരം ജേതാവ് വൈരമുത്തു ആണെന്ന് അറിഞ്ഞതോടെ എഴുത്തുകാരി കെ ആര്‍ മീര ഉള്‍പ്പെടെ അദ്ദേഹത്തിനെതിരേ പഴയ മീടു ആരോപണമുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.
എന്നാല്‍, 'സ്വഭാവ ഗുണത്തിനായി വേറെ അവാര്‍ഡ് കൊടുക്കേണ്ടിവരുമെന്ന്' പറഞ്ഞ് അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതിരോധിച്ചു.
താന്‍ അറിയുന്ന ഒഎന്‍വി കുറിപ്പിന് 'സ്വഭാവഗുണം' വളരെ പ്രധാനമായിരുന്നു എന്നായിരുന്നു കെആര്‍ മീരയുടെ മറുപടി.
ഒടുവില്‍, ഇന്ന് അവാര്‍ഡ് നിര്‍ണയ സമിതി പുരസ്‌കാരം പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചു എന്ന ഒറ്റവരി പ്രസ്താവനയില്‍ വിവാദം അവസാനിപ്പിച്ചു.
വൈരമുത്തുവിനെതിരേ നിരവധി പേര്‍ നേരത്തെ മീടു ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നുവെന്ന് കെആര്‍ മീര ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.