ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസില്‍ ലൈംഗിക അതിക്രമം നേരിട്ടതായി മുന്‍ ജീവനക്കാരിയുടെ പരാതി
രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസിലെ പ്രധാന ഉദ്യോഗസ്ഥനായ അഭിനവ് ഖാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നുമാണ് ആരോപണം.
ബംഗളൂരു: ബിജെപി രാജ്യസഭാ എംപിയും ഏഷ്യാനെറ്റ് ചാനല്‍ ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസിലെ മുന്‍ ജീവനക്കാരി ലൈംഗിക ആരോപണമവുമായി രംഗത്ത്. രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസിലെ പ്രധാന ഉദ്യോഗസ്ഥനായ അഭിനവ് ഖാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നുമാണ് ആരോപണം. ബംഗളൂരുവിലെ ചന്ദ്രശേഖറിന്റെ ഓഫിസില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന സോനം മഹാജനാണ് ട്വിറ്ററില്‍ അനുഭവം പങ്കുവച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന സോനം 2017 ഒക്ടോബറിലാണ് ചന്ദ്രശേഖറിന്റെ നമ്മ ബംഗളൂരു എന്ന എന്‍ജിഒയില്‍ കണ്‍സള്‍ട്ടന്റായി ചേര്‍ന്നത്. ഒരു വര്‍ഷത്തെ കരാറിലായിരുന്നു ജോലി.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് അവര്‍ തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ തന്റെ അനുഭവം പങ്കുവച്ചത്. ''ഞാന്‍ എവിടെയാണെന്നും എന്തൊക്കെ അനുഭവങ്ങളിലൂടെയാണ് താന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും നിങ്ങള്‍ക്ക് അറിയമായിരിക്കുമെന്നാണു ഞാന്‍ കരുതുന്നത്. തന്നെ ലൈംഗികമായി പീഡിപ്പിച്ച ധനികനും അധികാരവുമുള്ള ഒരു ഭീകരനെതിരേ ശബ്ദിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി താന്‍ ഏത് രീതിയിലാണ് വേട്ടയാടപ്പെടുന്നത് എന്നതിനെക്കുറിച്ച് ഞാന്‍ ട്വറ്ററില്‍ വെളിപ്പെടുത്തുകയാണ്.''
ആദ്യ ദിവസം മുതല്‍ അഭിനവ് ഖാരെ ചന്ദ്രശേഖറിന്റെ ഓഫിസില്‍ വച്ച്, തന്നെ ലൈംഗികമായി ഉപദ്രവിച്ചു തുടങ്ങിയിരുന്നുവെന്ന് സോനം മഹാജന്‍ അറിയിച്ചു. ആദ്യം വാക്കാലും തുടര്‍ന്ന് രേഖാമൂലവും രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കി. തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. എന്നാല്‍, പരാതി നല്‍കിയതിന് പിന്നാലെ ഓഫിസിലുള്ള മറ്റുള്ളരെല്ലാം തന്നെ അകറ്റിനിര്‍ത്താന്‍ ആരംഭിച്ചു. തനിക്ക് ജോലികളൊന്നും അനുവദിച്ചു തന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ താന്‍ ലീവില്‍ പോവാന്‍ നിര്‍ബന്ധിതനായി. അതേ സമയം, അഭിനവ് ഖാരെ സ്ഥിരമായി ഓഫിസില്‍ വരികയും തന്റെ സ്വാധീനം തുടരുകയും ചെയ്തു.
അന്വേഷണ കമ്മിറ്റി ഖാരെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും രേഖാമൂലം മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അത് ചെയ്യുന്നതിന് പകരം തന്റെ സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആരോപണങ്ങള്‍ ഉന്നയിക്കാനാണ് ഖാരെ ശ്രമിച്ചത്. തനിക്ക് മതഭ്രാന്താണെന്ന് ആരോപിച്ച് അന്വേഷണ കമ്മിറ്റിയെ പലരീതിയില്‍ സ്വാധീനിക്കാനും ശ്രമം നടത്തി.
പ്രശ്‌നത്തില്‍ അനുരഞ്ജനം ഉണ്ടാക്കാന്‍ രാജീവ ചന്ദ്രശേഖറിന്റെ സംഘടന തന്നെ ഇപ്പോള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും സോനം മഹാജന്‍ ആരോപിച്ചു. ഒരു ബിജെപി എംപി വഴി തന്നെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും അഭിനവ് ഖാരെ രേഖാമൂലം മാപ്പ് പറയണമെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.