ഒളികാമറയുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറി; ഏഷ്യാനെറ്റ് സുവര്‍ണ്ണ ന്യൂസിനെതിരേ ഗുരുതര ആരോപണവുമായി കര്‍ണാടകയിലെ വിദ്യാര്‍ഥിനി
സുവര്‍ണ്ണ ന്യൂസ് സംഘം തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കടന്ന് ഒളികാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളുടെ മുന്‍നിരയിലുള്ള ആലിയ ആസാദി പരാതിപ്പെട്ടിരിക്കുന്നത്.
ബംഗളൂരു: കര്‍ണാടകയിലെ ഏഷ്യാനെറ്റ് സുവര്‍ണ്ണ ന്യൂസിനെതിരേ ഗുരുത ആരോപണമുയര്‍ത്തി ഹിജാബ് സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥിനി. സുവര്‍ണ്ണ ന്യൂസ് സംഘം തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കടന്ന് ഒളികാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളുടെ മുന്‍നിരയിലുള്ള ആലിയ ആസാദി പരാതിപ്പെട്ടിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് അവര്‍ പരാതി ഉന്നയിച്ചത്. ഉഡുപ്പി ഗവ. പിയു കോളജ് വിദ്യാര്‍ഥിനിയായ ആലിയയാണ് കോളേജിലെ ഹിജാബ് നിരോധനത്തിനെതിരായ സമരത്തെ മുന്നില്‍ നിന്നും നയിച്ചിരുന്നത്. ഒളികാമറയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തി തന്നെയും സഹപ്രവര്‍ത്തകരെയും അപകീര്‍ത്തിപ്പെടുത്താനാണ് ഏഷ്യാനെറ്റ് സുവര്‍ണ്ണ ന്യൂസ് ലക്ഷ്യമിട്ടതെന്ന് അവര്‍ പറഞ്ഞു.
'ഇന്ന് ഞാന്‍ കാണുന്നത് മാധ്യങ്ങളില്‍ ഭൂരിഭാഗവും മാധ്യമ ധാര്‍മികത മറന്നിരിക്കുന്നു എന്നതാണ്. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് ഒളിക്യാമറകള്‍ ഉപയോഗിച്ച് ശല്യം ചെയ്യാന്‍ എന്റെ വീട്ടിലേക്ക് ബലമായി കയറി അതിന്റെ പരിധി വിട്ടിരിക്കുന്നു'-ആലിയ ട്വീറ്റ് ചെയ്തു. ഇത്തരത്തിലുള്ള മാധ്യമ വേട്ടയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആലിയ കര്‍ണാടക പോലിസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധങ്ങള്‍ക്കു പിന്നാലെ കോളജ് തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിനാല്‍,അജ്ഞാത നമ്പറുകളില്‍ നിന്ന് അശ്ലീല കോളുകളും സന്ദേശങ്ങളും വരുന്നുണ്ട്. ഇപ്പോള്‍ മാധ്യമങ്ങള്‍ ബലമായി വീടുകളില്‍ കയറി ശല്യപ്പെടുത്തുകയാണ്'. ഞങ്ങളെ നിരാശപ്പെടുത്താനുള്ള എല്ലാ വഴികളും അവര്‍ ശ്രമിക്കുന്നു. ഇത്തരം വിലകുറഞ്ഞ പ്രവൃത്തികള്‍ നിര്‍ത്തി മാന്യനാകൂ എന്നും ആലിയ ആവശ്യപ്പെട്ടു.