സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകള്‍ക്ക് അപ്രഖ്യാപിത വിലക്ക്; ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിആര്‍ സുനില്‍ ഏഷ്യാനെറ്റ് വിടുന്നു

ഡല്‍ഹി കലാപത്തിലെ സംഘപരിവാര്‍ ആക്രമണങ്ങളെക്കുറിച്ച് ശ്രദ്ധേയമായ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനാണ്

Update: 2022-01-20 11:57 GMT

തിരുവനന്തപുരം: ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിആര്‍ സുനില്‍ ഏഷ്യാനെറ്റ് ന്യൂസ് വിടുന്നു. കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും എതിരേ വാര്‍ത്ത നല്‍കുന്നത് സംബന്ധിച്ച്് മാനേജ്‌മെന്റുമായി നിരന്തര കലഹത്തെ തുടര്‍ന്നാണ് പിആര്‍ സുനില്‍ ഏഷ്യാനെറ്റ് വിടുന്നത്. ഏതാനും ദിവസമായി സുനില്‍ ബ്യൂറോയില്‍ എത്തുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് രാജിവച്ചതായാണ് വിവരം.

വാര്‍ത്തകളില്‍ സത്യസന്ധത പുലര്‍ത്താനും സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാനും സുനില്‍ ധൈര്യം കാട്ടിയിരുന്നു. പാലക്കാട് സ്വദേശിയായ സുനില്‍ നേരത്തെ കൈരളി ചാനലിലായിരുന്നു.

ഏഷ്യാനെറ്റ് ഡല്‍ഹി ബ്യൂറോ സ്റ്റാഫായ സുനില്‍ സുപ്രിംകോടതി ബീറ്റ് ചെയ്തിരുന്നു. 2020ലെ ഡല്‍ഹി കലാപത്തിലെ സംഘപരിവാര്‍ ആക്രമണങ്ങളെക്കുറിച്ച് ശ്രദ്ധേയമായ വാര്‍ത്തകള്‍ പുറം ലോകത്ത് എത്തിച്ച മാധ്യമപ്രവര്‍ത്തകനാണ്. ഡല്‍ഹി കലാപവേളയില്‍ സംഘപരിവാറിന്റെ മതം ചോദിച്ചും ജാതി ചോദിച്ചുള്ള അക്രമങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ഉള്‍പ്പെടെ ലൈവ് ചെയ്തിരുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ റോഡിലൂടെ യാത്രചെയ്യണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നും ജയ്ശ്രീറാം വിളിക്കാത്തവര്‍ക്ക് ജീവനോടെ തിരികെ പോരാന്‍ കഴിയില്ലെന്നും അന്ന് സുനില്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

വസ്ത്രമുയര്‍ത്തി ജനനേന്ദ്രിയം തിരിച്ചറിയല്‍ രേഖയാക്കുന്നതും കലാപകാലത്തെ വാര്‍ത്തയായിരുന്നു. തന്റെ പതിനാറുകൊല്ലത്തെ ഡല്‍ഹി മാധ്യമപ്രവര്‍ത്തനകാലത്ത് ഇത്തരമൊരു ദുരനുഭവം മുന്‍പുണ്ടായിട്ടില്ലെന്നും സുനില്‍ അന്ന് വ്യക്തമാക്കിയിരുന്നു.

കര്‍ഷക സമരം മോഡി സര്‍ക്കാരിന്റെ പരാജയമാണെന്നും കര്‍ഷകര്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കേണ്ടിവന്നെന്നും സുനില്‍ വ്യക്തതയോടെ വാര്‍ത്തയാക്കിയിരുന്നു.

ഏഷ്യാനെറ്റ് മാനേജ് മെന്റുമായി മോഡി വിരുദ്ധ വാര്‍ത്തകളുടെ പേരില്‍ സുനിലിന് സംഘര്‍ഷത്തിലാവേണ്ടിവന്നതായാണ് വിവരം. വലതുപക്ഷ നിലപാടുള്ളയാളെ ചാനല്‍ തലപ്പത്ത് പ്രതിഷ്ഠിച്ചതോടെയാണ് നയനിലപാടുകളില്‍ കൂടുതല്‍ മാറ്റം വരാന്‍ തുടങ്ങിയതെന്നാണ് വിമര്‍ശനം. ഏഷ്യാനെറ്റ് എഡിറ്ററായിരുന്ന എംജി രാധാകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി, അപ്രധാനമായ തസ്തികയിലേക്ക്് മാറ്റിയതും ഈ നിലപാട് മാറ്റത്തിന്റെ ഭാഗമായിരുന്നു എന്നാണ് വിലയിരുത്തല്‍. ചാനല്‍ മേധാവി കേന്ദ്ര മന്ത്രിയായതോടെ വലതുപക്ഷ മാറ്റം കൂടുതല്‍ പ്രകടമായി തുടങ്ങി. ഏഷ്യാനെറ്റ് അതിന്റെ ലെഫ്റ്റ് ലിബറല്‍ ലൈനില്‍ നിന്ന് പതിയെ വലതുപക്ഷ സ്വഭാവത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് കാണുന്നത്.

ഡല്‍ഹി കലാപ കാലത്ത് അഡ്വ. രശ്മിത രാമചന്ദ്രന്‍ പിആര്‍ സുനിലിന്റെ വാര്‍ത്തകളെക്കുറിച്ച് ഫേസ് ബുക്കില്‍ കുറിച്ചത് 

'പി ആര്‍ സുനിലിനെ എനിക്ക് അടുത്തറിയില്ല, കാണുമ്പോഴുള്ള ചെറിയ ചിരിയ്ക്കും രണ്ടു വാക്കിലെ കുശലത്തിനുമപ്പുറം ഒരു ചായയിലേക്ക് പോലും സൗഹൃദം വളര്‍ന്നിട്ടില്ല. പക്ഷേ, ദില്ലിയിലെ തെരുവുകള്‍ ഭ്രാന്തമായപ്പോള്‍ സമചിത്തതയോടെ നേരിന്റെ നാവായ് ആ പത്രപ്രവര്‍ത്തകന്‍ മാറുന്നത് കണ്ടു. തെരുവുകള്‍ കത്തിച്ചതാരെന്നും മീനാരങ്ങള്‍ തകര്‍ത്തതെങ്ങനെയെന്നും മാധ്യമ പ്രവര്‍ത്തകരായ ആണുങ്ങളുടെ ജനനേന്ദ്രിയം അക്രഡിറ്റേഷന്‍ കാര്‍ഡുകളായി എങ്ങനെ മാറിയെന്നും അയാള്‍ പറഞ്ഞു. അയാള്‍ക്കു ചുറ്റും ആളുകള്‍ ഭീതിയോടെ പരക്കം പായുന്നതും പ്രാണനു വേണ്ടി യാചനകള്‍ ഉയരുന്നതും കുഞ്ഞുങ്ങള്‍ അനാഥമാകുന്നതും ശവം കരിഞ്ഞമണത്തിന് വേണ്ടികഴുകന്മാര്‍ ഘ്രാണിക്കുന്നതും നാമറിഞ്ഞു.

ഏതെങ്കിലുമൊരു മതഭ്രാന്തന്‍ വിചാരിച്ചാല്‍ ഒരു നിമിഷം കൊണ്ട് താനും അവസാനിച്ചേക്കുമെന്ന അറിവോടുകൂടെത്തന്നെയാണ് അയാള്‍ നമ്മോട് ദില്ലി കലാപത്തെക്കുറിച്ച് പറഞ്ഞ് കൊണ്ടിരുന്നത്! സത്യാനന്തര കാലത്തിന്റെ ഏറ്റവും മനോഹര ദൃശ്യങ്ങളിലൊന്നായിരുന്നു അത്! ആയുസ്സ് മുഴുവന്‍ നുണപ്പായസം നുണയലാണ് മാധ്യമ പ്രവര്‍ത്തനമെന്ന് കരുതിയവര്‍ക്കുള്ള മറുപടി കൂടിയായി അത്! അര നിമിഷമാണ് ജീവിക്കുന്നതെങ്കില്‍ കൂടി അന്തസ്സായിത്തന്നെ വേണം എന്ന് തീരുമാനിച്ചവന്റെ രീതിയായിരുന്നത്! പക്ഷേ, സത്യാനന്തര കാലത്ത് സത്യം പറയാന്‍ നിന്നവന് ഭരണകൂടം വിധിച്ചത് അടിയും പുളി കുടിയും കരം കെട്ടലുമാണ്! പണ്ട് ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞവന് വിഷചഷകം ശിക്ഷയായി നീട്ടിയ ഇരുണ്ട കാലത്ത് നാം തിരിച്ചെത്തിയോ?! ഇല്ല, ദില്ലിയെ ഇരുള്‍ മൂടിയ ദിവസങ്ങളില്‍ നിങ്ങള്‍ തെളിച്ചു തന്ന സത്യത്തിന്റെ ആ ദീപ നാളമുണ്ട് മുന്നില്‍. ഗീബല്‍സുമാര്‍ കൂട്ടം കൂടി ആയിരവട്ടം കളവു പറഞ്ഞ് ഉറപ്പിക്കാന്‍ ശ്രമിച്ചാലും ഉറയ്ക്കാതെ പോകുംവണ്ണം ദൃഢതയുണ്ട് നിങ്ങള്‍ കൊളുത്തി വച്ചനേരിന്റെ നേര്‍ക്കാഴ്ചകള്‍ക്ക്. നിവൃത്തികേടിന്റെ ഒരു മാപ്പു പറച്ചിലില്‍ ആ കാഴ്ചകളൊന്നും മങ്ങുന്നില്ല. Keep it up P.R. Sunil, keep it up!!'


Tags:    

Similar News