പത്മഭൂഷണ് ശുപാര്‍ശ ചെയ്തത് ബിജെപി എംപി; സെന്‍കുമാറിന്റെ പരാര്‍ശത്തില്‍ വെട്ടിലായി ബിജെപി നേതൃത്വം

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന്‍ നേരിട്ട അധിക്ഷേപങ്ങള്‍ക്ക് കേവലം 50 ലക്ഷം രൂപ മാത്രം നല്‍കിയാല്‍ പോരെന്നും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തി പത്മാ പുരസ്‌കാരം നല്‍കണമെന്നുമാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ രാജീവ് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നത്.

Update: 2019-01-26 10:16 GMT

തിരുവനന്തപുരം: പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായ നമ്പി നാരായണനെ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്‍. സംസ്ഥാന സര്‍ക്കാരാണ് പേര് ശുപാര്‍ശ ചെയ്തതെന്ന ധാരണയില്‍ നമ്പി നാരായണനെതിരേ വിമര്‍ശനവും പരിഹാസവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്തുവന്നിരുന്നു. നമ്പി നാരായണന്‍ അവാര്‍ഡിന് അര്‍ഹനല്ലെന്നും എന്തുസംഭാവനയാണ് അദ്ദേഹം നല്‍കിയതെന്നുമാണ് സെന്‍കുമാര്‍ ചോദിച്ചത്. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത് അമൃതില്‍ വിഷയം കലക്കിയ പോലെയാണെന്നും സെന്‍കുമാര്‍ പരിഹസിച്ചു. ഈ നിലയിലാണെങ്കില്‍ അടുത്തവര്‍ഷം ഗോവിന്ദചാമിക്കും അമീറുല്‍ ഇസ്്‌ലാമിനും മറിയം റഷീദയ്ക്കും പത്മവിഭൂഷണ്‍ ലഭിക്കുമോയെന്നും ചോദിച്ച അദ്ദേഹം, ഇക്കാര്യത്തില്‍ ശുപാര്‍ശ ചെയ്തവര്‍ മറുപടി നല്‍കണമെന്നും പറഞ്ഞു.

ബിജെപി പിന്തുണയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടി പി സെന്‍കുമാര്‍ മല്‍സരിക്കുമെന്ന ആഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ഇന്ന് നമ്പി നാരായണനെതിരേ അദ്ദേഹം ആഞ്ഞടിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരായ ആയുധമെന്ന നിലയിലായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. ഇതിനുപിന്നാലെ രാജീവ് ചന്ദ്രശേഖരന്‍ എംപിയുടെ ശുപാര്‍ശ കത്ത് പുറത്തുവന്നതോടെ ബിജെപി സംസ്ഥാന ഘടകം വെട്ടിലായി. ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന്‍ നേരിട്ട അധിക്ഷേപങ്ങള്‍ക്ക് കേവലം 50 ലക്ഷം രൂപ മാത്രം നല്‍കിയാല്‍ പോരെന്നും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തി പത്മാ പുരസ്‌കാരം നല്‍കണമെന്നുമാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ രാജീവ് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നത്. 2018 സെപ്തംബര്‍ 19-നാണ് അദ്ദേഹം ശുപാര്‍ശക്കത്തയച്ചത്.


ഐഎസ്ആർഒയിൽ ക്രയോജനിക് ഡിവിഷന്റെ ചുമതലയുള്ള മുതിർന്ന ശാസ്ത്രജ്ഞനായിരുന്നു നമ്പിനാരായണൻ. ജിഎസ്എൽവിയുടെ വികാസത്തിലേക്ക് നയിച്ച സാങ്കേതിക വിദ്യയിൽ വലിയ സംഭാവന നൽകിയ വ്യക്തിയാണ് അദ്ദേഹം. 'വികാസ്' എൻജിന്റെ മുഖ്യശിൽപിയായിരുന്നു. ചാന്ദ്രയാനും മംഗൾയാനും സാധ്യമാക്കിയത് ഈ സാങ്കേതിക വിദ്യയാണ്. റോക്കറ്റ് - ബഹിരാകാശ സാങ്കേതിക വിദ്യകളിലെ അമരക്കാരനാകുമായിരുന്ന അദ്ദേഹം കേസിൽ പ്രതിചേർക്കപ്പെട്ടതാണ് മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതമായതെന്നും രാജീവ് ചന്ദ്രശേഖറിന്റെ ശുപാർശ കത്തിൽ പറയുന്നു.

ഇതോടെ, ബിജെപിക്കെതിരെ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. സെന്‍കുമാറിന്റെ മ്ലേച്ഛമായ പ്രതികരണത്തിനു പിന്നില്‍ ബിജെപിയിലെ ഒരുവിഭാഗമാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് ബിജെപി സംസ്ഥാന അധ്യക്ഷനാണെന്നും ബാലന്‍ പറഞ്ഞു. വിഷയം സങ്കീര്‍ണമായതോടെ പ്രതികരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും തയ്യാറായില്ല. പരാമര്‍ശത്തിന് ബിജെപി മറുപടി നല്‍കേണ്ടതില്ലെന്നാണ് പി എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്. ശുപാര്‍ശ നല്‍കിയവരാണ് മറുപടി പറയേണ്ടത്. മറുപടി പറയേണ്ട ആളാണോ സെന്‍കുമാറെന്നും ശ്രീധരന്‍പിള്ള ചോദിച്ചു. ഇനിയിപ്പോള്‍ സംസ്ഥാനമാണ് ശുപാര്‍ശ നല്‍കിയതെങ്കില്‍ പോലും പുരസ്‌കാരം നിര്‍ണയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുന്നത് കേന്ദ്രമാണ്. അതിനാല്‍ തന്നെ സെന്‍കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്നും തലയൂരാന്‍ ബിജെപി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ക്കും കഴിയില്ല.


Tags:    

Similar News