നമ്പി നാരായണന് പത്മഭൂഷണ്‍: വിമര്‍ശനവും പരിഹാസവുമായി ടി പി സെന്‍കുമാര്‍

അമൃതില്‍ വിഷയം കലര്‍ത്തിയതിനു തുല്യമാണിത്. ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ല. ഇങ്ങനെപോയാല്‍ അടുത്തവര്‍ഷം ഗോവിന്ദചാമിക്കും മറിയം റഷീദക്കും അമീറുല്‍ ഇസ്്‌ലാമിനും പത്മവിഭൂഷണ്‍ കിട്ടുമോയെന്നും സെന്‍കുമാര്‍ ചോദിച്ചു. അതേസമയം, സെന്‍കുമാര്‍ സംസാരിക്കുന്നതെല്ലാം അബദ്ധമാണെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കി.

Update: 2019-01-26 05:51 GMT

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരേ വിമര്‍ശനവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. അദ്ദേഹത്തിന് പത്മ അവാര്‍ഡ് നല്‍കിയത് തെറ്റായിപ്പോയെന്ന് സെന്‍കുമാര്‍ പറഞ്ഞു. പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നു. അമൃതില്‍ വിഷയം കലര്‍ത്തിയതിനു തുല്യമാണിത്. പത്മഭൂഷണ് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നു. ഐഎസ്ആര്‍ഒയില്‍ നാലായിരത്തിലേറെ ശാസ്ത്രജ്ഞന്‍മാരുണ്ട്. അവരോട് ആരോട് ചോദിച്ചാലും നമ്പി നാരായണനെ കുറിച്ച് മോശം അഭിപ്രായമായിരിക്കും. നമ്പി നാരായണന്‍ ശാസ്ത്ര ലോകത്തിന് എന്ത് സംഭാവനയാണ് നല്‍കിയത്.

ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ല. അവാര്‍ഡിന് ശുപാര്‍ശ നല്‍കിയവരും അവാര്‍ഡ് നല്‍കിയവരും ഇക്കാര്യം വിശദീകരിക്കണം. 1994ല്‍ സ്വയം വിരമിക്കലിന് കത്തുകൊടുത്ത ആ മഹാന്‍ രാജ്യത്തിനും ശാസ്ത്രത്തിനും എന്ത് സംഭാവന ചെയ്തുവെന്ന് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. പ്രധാനപ്പെട്ട പല കണ്ടുപിടുത്തങ്ങളും നടത്തിയവര്‍ കേരളത്തിലുണ്ട്. അവര്‍ക്ക് ഒരു അവാര്‍ഡും നല്‍കിയിട്ടില്ല. ഇങ്ങനെപോയാല്‍ അടുത്തവര്‍ഷം ഗോവിന്ദചാമിക്കും മറിയം റഷീദക്കും അമീറുല്‍ ഇസ്്‌ലാമിനും പത്മവിഭൂഷണ്‍ കിട്ടുമോ. മല്‍സ്യ തൊഴിലാളികള്‍ക്ക് കുറേപേര്‍ക്ക് പത്മഭൂഷണ്‍ കൊടുത്താല്‍ വളരെ സന്തോഷമുണ്ടായിരുന്നു. അതല്ലെങ്കില്‍ ചെറിയ ചെറിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന കുട്ടികളേയും പരിഗണിക്കാമായിരുന്നു. പത്മ അവാര്‍ഡുകളിലെ ഒരു കറുത്ത പാടാണിതെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി കമ്മിറ്റിയെ വച്ച് ഗുഢാലോചന ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ അന്വേഷണം നടത്തുന്നതിനിടെ എങ്ങനെ പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്യാനാവും. നമ്പി നാരായണനെ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. അവസരം ലഭിച്ചാല്‍ തന്റെ കൈവശമുള്ള രേഖകള്‍ സമിതിക്ക് നല്‍കും. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി റിപോര്‍ട്ട് വന്നതിനു ശേഷം അദ്ദേഹത്തിന് ഭാരതരത്‌ന തന്നെ കൊടുക്കട്ടേയെന്നും സെന്‍കുമാര്‍ പറഞ്ഞു. ചാരകേസ് അന്വേഷിച്ച സിബിഐയുടെ വിശ്വാസ്യതയേയും ഡിജിപി ചോദ്യം ചെയ്തു. സിബിഐയിലും നല്ലവരും മോശക്കാരുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സെന്‍കുമാര്‍ സംസാരിക്കുന്നതെല്ലാം അബദ്ധമാണെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ സെന്‍കുമാറും പ്രതിയാണ്. അതാണോ ഈ ആരോപണത്തിന് പിന്നിലെന്ന് അറിയില്ല. ഈ കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് കോടതിയലക്ഷ്യമാണ്. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് വലിയ വെപ്രാളമുണ്ടെന്നാണ്. അദ്ദേഹത്തിന്റെ സംസ്‌കാരവും ഭാഷയുമാണ് വാക്കുകളിലൂടെ പുറത്തുവന്നതെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി.

താന്‍ എന്തു സംഭാവനയാണ് ചെയ്തതെന്ന് തന്റെ കൂടെയുള്ളവരോട് ചോദിക്കണം. ഐഎസ്ആര്‍ഒയില്‍ നല്‍കിയ സംഭാവന പരിഗണിച്ച് രാഷ്ട്രപതിയാണ് തന്നെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. വികാസ് എഞ്ചിന്‍ ഐഎസ്ആര്‍ഒക്ക് നിര്‍മിച്ചുനല്‍കിയത് താനാണ്. തന്റെ സംഭാവനകള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഗോവിന്ദചാമിയേക്കാള്‍ മോശമായ ആരെയും കിട്ടാത്തതുകൊണ്ടാവും തന്നെ അദ്ദേഹത്തോട് ഉപമിച്ചത്. സെന്‍കുമാറിന്റെ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി നിയോഗിച്ച സബ് കമ്മിറ്റി എല്ലാകാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. ആരൊക്കെ തെറ്റുകാണിച്ചു, എന്താണ് നടന്നത് എന്നെല്ലാമാണ് കമ്മിറ്റി അന്വേഷിക്കുന്നത്. അല്ലാതെ ചാരക്കേസ് പുനരന്വേഷിക്കണമെന്ന് സുപ്രീംകോടതി എവിടേയും പറഞ്ഞിട്ടില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ എന്തു നടപടി വേണമെന്നാണ് സമിതി അന്വേഷിക്കുന്നത്. ആര്‍ക്കു വേണ്ടിയാണ് സെന്‍കുമാര്‍ സംസാരിക്കുന്നതെന്ന് അറിയില്ല. ഇനിയൊരു 24 കൊല്ലം കൂടി അന്വേഷിക്കട്ടെ. സെന്‍കുമാറിന് അറിയാവുന്ന കാര്യങ്ങള്‍ കമ്മിറ്റിയില്‍ പറയട്ടേയെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി.

Tags:    

Similar News