സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരേ കേസെടുത്തു
സെൻകുമാറും സുഭാഷ് വാസുവും നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ സെൻകുമാർ അപമാനിക്കുകയും ഒരു സംഘം കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: മുൻ ഡിജിപി ടി പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരേ തിരുവനന്തപുരം കന്റോൺമെന്റ് പോലിസ് കേസെടുത്തു. പി ജി സുരേഷ് കുമാർ, കടവിൽ റഷീദ് എന്നിവർക്കെതിരേയാണ് കേസ്. ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന പത്രസമ്മേളനവുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടി സെൻകുമാർ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണർക്കു ദിവസങ്ങൾക്കു മുമ്പ് പരാതി നൽകിയിരുന്നു. വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനായ റഷീദ് കടവിലുമായി തർക്കമുണ്ടായിരുന്നു. എന്നാൽ, അവസാനം കൈകൊടുത്താണു പിരിഞ്ഞത്. ഇതിനു ശേഷം നടന്ന സംഭവങ്ങളിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു പരാതിയിൽ പറയുന്നത്.
സെൻകുമാറും സുഭാഷ് വാസുവും നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ സെൻകുമാർ അപമാനിക്കുകയും ഒരു സംഘം കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. താൻ മാധ്യമപ്രവർത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും സെൻകുമാർ ചോദിച്ചു. അയാളെ പിടിക്കാൻ അനുയായികൾക്കു നിർദ്ദേശവും നൽകിയതോടെ കയ്യേറ്റ ശ്രമമുണ്ടായി. തുടർന്ന് സെൻകുമാറിനും അനുയായികൾക്കുമെതിരേ കടവിൽ റഷീദ് പരാതി നൽകിയിരുന്നു.