നമ്പി നാരായണനെതിരായ മോശം പരാമര്‍ശം; ടി പി സെന്‍കുമാറിനെതിരെ പരാതി

കോഴിക്കോട് സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. പത്മ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാര്‍ രാജ്യത്തെ തന്നെ അപമാനിച്ചതായി പരാതിയില്‍ പറയുന്നു.

Update: 2019-01-27 07:36 GMT

തിരുവനന്തപുരം: പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനെ പരിഹസിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്ത മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ പരാതി. കോഴിക്കോട് സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. നമ്പിനാരായണന് പത്മ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ചാണ് കഴിഞ്ഞദിവസം സെന്‍കുമാര്‍ രംഗത്തുവന്നത്.

പത്മ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാര്‍ രാജ്യത്തെ തന്നെ അപമാനിച്ചതായി പരാതിയില്‍ പറയുന്നു. നമ്പി നാരായണനെതിരായ പരാമര്‍ശത്തിലൂടെ നീതിന്യായ വ്യവസ്ഥയെയും സെന്‍കുമാര്‍ അപമാനിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

നമ്പിനാരായണന് പത്മ അവാര്‍ഡ് നല്‍കിയത് തെറ്റായിപ്പോയെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നു. അമൃതില്‍ വിഷയം കലര്‍ത്തിയതിനു തുല്യമാണിത്. ഐഎസ്ആര്‍ഒയില്‍ നാലായിരത്തിലേറെ ശാസ്ത്രജ്ഞന്‍മാരുണ്ട്. അവരോട് ആരോട് ചോദിച്ചാലും നമ്പി നാരായണനെ കുറിച്ച് മോശം അഭിപ്രായമായിരിക്കും. നമ്പി നാരായണന്‍ ശാസ്ത്ര ലോകത്തിന് എന്ത് സംഭാവനയാണ് നല്‍കിയത്. ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ല. ഇങ്ങനെപോയാല്‍ അടുത്തവര്‍ഷം ഗോവിന്ദചാമിക്കും മറിയം റഷീദക്കും അമീറുല്‍ ഇസ്്ലാമിനും പത്മവിഭൂഷണ്‍ കിട്ടുമോയെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.


Tags:    

Similar News