ഓപറേഷന്‍ ട്രൂ ഹൗസ്; തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ വ്യാപക ക്രമക്കേട്

റവന്യു ഉദ്യോഗസ്ഥരുടെ യൂസര്‍ നെയിമും പാസ് വേര്‍ഡുമുപയോഗിച്ച് കരാര്‍ ജീവനക്കാരാണ് പലയിടത്തും ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്

Update: 2022-07-23 12:51 GMT
ഓപറേഷന്‍ ട്രൂ ഹൗസ്; തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ വ്യാപക ക്രമക്കേട്

തിരുവനന്തപുരം: ഓപ്പറേഷന്‍ ട്രൂ ഹൗസ് എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്ത് 59 നഗരസഭകളിലാണ് വിജിലന്‍സിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്.

തിരുവനന്തപുരം വഞ്ചിയൂരില്‍ ഷോപ്പിങ് കോംപ്ലക്‌സിന് അനധികൃതമായി ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതായി കണ്ടെത്തി. കൊച്ചി കോര്‍പറേഷന്റെ ഇടപ്പള്ളി സോണല്‍ ഓഫിസിലും വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. റവന്യു ഉദ്യോഗസ്ഥരുടെ യൂസര്‍ നെയിമും പാസ് വേര്‍ഡുമുപയോഗിച്ച് കരാര്‍ ജീവനക്കാരാണ് പലയിടത്തും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതെന്നും വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വടക്കന്‍ മേഖലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപക ക്രമക്കേടുകള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, തലശ്ശേരി, ഇരിട്ടി, കാസര്‍കോട് നഗരസഭ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കെട്ടിട നികുതി ഇനത്തില്‍ ഈ നഗരസഭകളില്‍ സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് തായലങ്ങാടിയിലെ ആറ് നില ഫ്‌ലാറ്റിന് നമ്പറില്ലെന്നും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഓപ്പറേഷന്‍ ട്രൂ ഹൗസ് എന്ന പേരിലാണ് വിജിലന്‍സ് 53 മുന്‍സിപ്പാലിറ്റികളിലും 6 കോര്‍പറേഷനുകളിലും പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11 മണി മുതലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന തുടങ്ങിയത്. 

Tags:    

Similar News