'വലതു കൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും', ഇതെന്തു നയമെന്ന് പികെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍
കൊവിഡ് അടച്ചിടല്‍ അശാസ്ത്രീയമാണ്. ജനങ്ങളുടെ കൈകളിലേക്ക് പണം നേരിട്ടു കൈമാറുന്ന രീതിയാണ് ഇനിയുണ്ടാകേണ്ടതെന്നും പ്രതിപക്ഷം നിയമസഭയില്‍
തിരുവനന്തപുരം: വലതു കൈ കൊണ്ട് ഫൈനും ഇടതു കൈകൊണ്ട് കിറ്റും, ഇതെന്തു നയമെന്ന് പികെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍. സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ്. ബെവ്‌കോ പ്രവര്‍ത്തന സമയം നീട്ടിയപോലെ എന്തുകൊണ്ടാണ് മറ്റ് മേഖലകളിലെ പ്രവര്‍ത്തി സമയം നീട്ടാത്തതെന്നും അദ്ദേഹം നിയമസഭയില്‍ ചോദിച്ചു.
കൊവിഡ് പ്രതിസന്ധിയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ കടുത്ത പട്ടിണിയിലേക്ക് പോവുകയാണ്. കിറ്റുകൊണ്ട് മാത്രം മുന്നോട്ട് പോകാനാവില്ല. കച്ചവടക്കാര്‍ക്ക് വാടകയിനത്തിലും മറ്റും വലിയ ബാധ്യതയുണ്ടാകുന്നു. ജനങ്ങളുടെ കൈകളിലേക്ക് പണം നേരിട്ടു കൈമാറുന്ന രീതിയാണ് ഇനിയുണ്ടാകേണ്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ഇന്ത്യയിലാണ്, ഇന്ത്യയില്‍ ഏറ്റവും കൊവിഡ് രോഗികളുള്ളത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊവിഡ് ജനങ്ങളുടെ ജോലിയും വരുമാനവും നഷ്ടമായിട്ടുണ്ടെന്ന് ധനമന്ത്രി കെഎം ബാലഗോപാല്‍ പറഞ്ഞു. കിറ്റ് ഇനിയും കൊടുക്കും, അതൊരു പാതകമല്ല. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പ്രതിപക്ഷം കിറ്റിനെ എതിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കിറ്റിനോട് പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണുള്ളത്. സൗജന്യ ഭക്ഷണവും മരുന്നു വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, കിറ്റ് നല്‍കരുതെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് മറുപടിയായി പറഞ്ഞു.