തീരുമാനം ഹൈക്കമാന്‍ഡിന്റേത്; നിര്‍ണായകമായത് യുവതലമുറ; അംഗീകരിച്ച് ഗ്രൂപ്പ് നേതാക്കള്‍
കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും മാറും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഇരു കോണ്‍ഗ്രസ് ഗ്രൂപ്പുകളും ഒറ്റക്കെട്ടായി പിന്‍തുണച്ചെങ്കിലും യുവതലമറയുടെ താല്‍പര്യത്തിനൊപ്പമായിരുന്നു ഹൈക്കമാന്‍ഡ്. ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്‍തുണ തനിക്കാണെന്ന് ഹൈക്കമാന്റിനെ ചെന്നിത്തല അറിയിച്ചിരുന്നു. അവസാനം വരെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലക്കൊപ്പമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കതീതമായി പല എംഎല്‍എമാരും എംപിമാരും സതീശന് അനുകൂലമായി നീങ്ങി.
ഗ്രൂപ്പ് യോഗങ്ങളില്‍ രമേശ് ചെന്നിത്തലക്കൊപ്പം നിന്ന എ ഐ അംഗങ്ങള്‍, ഒറ്റയ്ക്കുള്ള ഹൈക്കമാന്റ് പ്രതിനിധികളുടെ അഭിപ്രായം തേടലില്‍ തലമുറമാറ്റം അറിയിക്കുകയായിരുന്നു. പലരും പേരെടുത്ത് വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്ന് പറയുകയും ചെയ്തു. ഈ അഭിപ്രായം തിരഞ്ഞെടുപ്പ് നയിച്ച മല്ലികാര്‍ജുന്‍ ഗാര്‍ഗെ ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള കെസി വേണുഗോപാലും ഈ തലമുറ മാറ്റത്തിനൊപ്പമായിരുന്നു.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ ജയിച്ച യുവാക്കളായ എംഎല്‍എമാരും, ഹൈബി ഈഡന്‍, കെ മുരളീധരന്‍ തുടങ്ങിയവരും മാറ്റം അനിവാര്യമാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കുയും ചെയ്തു. മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫിലെ കക്ഷികള്‍, കോണ്‍ഗ്രസ് സംഘടനാസംവിധാനങ്ങള്‍ ദുര്‍ബലമാണെന്ന് പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നതാണ്. ഇപ്പോള്‍ യുഡിഎഫ് പ്രതിപക്ഷത്തായതിനാല്‍ വിഡി സതീശന്റെ വരവ് ഗുണം ചെയ്യും എന്നുതന്നെയാണ് ഘടക കക്ഷികള്‍ വിലയിരുത്തുന്നത്.
ഹൈക്കമാന്‍ഡിന്റെ തീരുമാനത്തോട് യോജിപ്പില്ലെങ്കിലും മനസ്സില്ലാ മനസ്സോടെ ഗ്രൂപ്പ് നേതാക്കള്‍ തീരുമാനം അംഗീകരിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും മാറും എന്നും തന്നെയാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന.