പ്രതിഷേധവുമായി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി അറസ്റ്റില്‍, എഐസിസിക്ക് മുന്നില്‍ സംഘര്‍ഷം

പ്രതിഷേധം നയിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

Update: 2022-08-05 09:21 GMT

ന്യൂഡല്‍ഹി: ഇഡി റെയ്ഡിനും വിലക്കയറ്റത്തിനെതിരെ നിരോഘനാജ്ഞ ലംഘിച്ച് കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം നയിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് എംപിമാരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. കറുത്ത വസ്ത്രം ധരിച്ചാണ് എംപിമാരും പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ചിനെത്തിയത്. പാര്‍ലമെന്റില്‍ പ്രതിഷേധിച്ച ശേഷമാണ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞു. ഇതോടെ ബാരിക്കേഡുകള്‍ മറിച്ചിട്ടും മുന്നോട്ട് പോകാന്‍ ശ്രമിച്ച എംപിമാരും പോലിസും തമ്മില്‍ ഉന്തുംതളളുമുണ്ടായി.

ആലത്തൂര്‍ എംപി രമ്യാഹരിദാസ് അടക്കമുള്ള വനിതാ എംപിമാരടക്കമുള്ളവരെ വലിച്ചിഴച്ചാണ് പോലിസ് നീക്കിയത്. പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാലിതും പോലിസ് തടഞ്ഞു. എംപിമാരെല്ലാവരും പോലിസ് കസ്റ്റഡിയിലാണ്.

ജന്തര്‍മന്തര്‍ ഒഴികെ ദില്ലിയില്‍ എല്ലായിടത്തും പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാഷണല്‍ ഹെറാള്‍ഡ് ഓഫിസ് ഇഡി സീല്‍ ചെയ്തതിലുള്ള കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് നിയന്ത്രണം. നിരോധനാജ്ഞ പ്രഖ്യാപിച്ചതായും ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എഐസിസി ആസ്ഥാനത്തിന് മുന്നിലും ഡല്‍ഹി പോലിസ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് വകവെക്കാതെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലിസ് രാവിലെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ദില്ലി പോലിസ് കസ്റ്റഡിയിലെടുത്തത്. എഐസിസി ആസ്ഥാനം ഡല്‍ഹി പോലിസും കേന്ദ്ര സേനകളും വളഞ്ഞ സ്ഥിതിയാണുള്ളത്.

അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ പാര്‍ലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം പുറത്തേക്ക് കൂടി വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കോണ്‍ഗ്രസ് എംപിമാരെ അണിനിരത്തി വിജയ് ചൗക്കില്‍ നിന്നും മാര്‍ച്ച് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു.

കറുത്ത വസ്ത്രം ധരിച്ച് കൊണ്ടായിരുന്നു എംപിമാര്‍ പ്രതിഷേധത്തിനെത്തിയത്. എന്നാല്‍ നേതാക്കളെ രാഷ്ട്രപതി ഭവനിലേക്ക് കടത്തി വിടാന്‍ പോലിസ് തയ്യാറായില്ല. തുടര്‍ന്ന് നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുക്കുകായിരുന്നു. രാഹുല്‍ ഗാന്ധി , ശശി തരൂര്‍ തുടങ്ങിയ നേതാക്കളെയാണ് കസ്റ്റഡിയില്‍ എടുത്തത്.

'വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി എന്നിവയ്‌ക്കെതിരേ പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം കോണ്‍ഗ്രസ് എംപിമാര്‍ക്ക് വീണ്ടും നിഷേധിക്കപ്പെട്ടു. വിജയ് ചൗക്കില്‍ വെച്ച് നേതാക്കളെ കൂട്ടത്തോടെ പോലിസ് കസ്റ്റഡിയില്‍ എടുത്തു', പോലീസ് നടപടിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. ഭയപ്പെടുന്നവര്‍ മാത്രമാണ് മറ്റുള്ളവരെ ഭയപ്പെടുത്താന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ജയ്‌റാം രമേശ് വിമര്‍ശിച്ചു.

പ്രതിഷേധ പ്രകടത്തിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നേതാക്കള്‍ നാരങ്ങയും മുളകും പാലുല്‍പ്പന്നങ്ങളുടെ ഒഴിഞ്ഞ പാക്കറ്റുകളും കഴുത്തില്‍ കെട്ടി പ്രതിഷേധിച്ചു. റോഡില്‍ പാചകം ചെയ്തായിരുന്നു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

Tags:    

Similar News