കൊവിഡ് 19: 2 ലക്ഷം പേരുടെ രോഗം ഭേദമായി; രോഗമുക്തി നിരക്ക് വീണ്ടും ഉയര്‍ന്നുവെന്ന് ആരോഗ്യമന്ത്രാലയം

Update: 2020-06-19 13:31 GMT

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 10,386 പേര്‍ കൊവിഡ് മുക്തരായതോടെ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 2,04,710 പേരാണ് രോഗമുക്തരായിട്ടുള്ളത്. ഇന്ന് രോഗമുക്തരായവരുടെ എണ്ണം വച്ച് പരിശോധിച്ചാല്‍ രാജ്യത്തെ രോഗമുക്തിനിരക്ക് 53.79 ശതമാനം ആയിട്ടുണ്ട്. നേരത്തെ ഇത് 52.96 ശതമാനം ആയിരുന്നു. രോഗബാധിതരും രോഗമുക്തരും തമ്മിലുള്ള ആപേക്ഷിക നിരക്ക് രാജ്യത്തിന്റെ രോഗപ്രതിരോധപ്രവര്‍ത്തനം ഫലം കാണുന്നുവെന്നതിന്റെ സൂചനയാണെന്ന് മന്ത്രാലയം പറയുന്നു. സമയോചിതമായ നടപടികളുടെയും ഇടപെടലുകളുടെയും തന്ത്രങ്ങളുടെയും ഫലമാണ് ഇതെന്നും മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

രാജ്യത്ത് ആകെ 960 ലാബുകളിലാണ് കൊവിഡ് പരിശോധന നടത്തുന്നത്. ഇതില്‍ തന്നെ 703 എണ്ണം സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴിലും 257 എണ്ണം സ്വകാര്യമേഖലയിലുമാണ്.

24 മണിക്കൂറിനുള്ളില്‍ 1,76,956 സാംപിളുകളാണ് പരിശോധിച്ചിട്ടുളളത്. ഇതുവരെ രാജ്യത്ത് 64,26,627 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,586 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,80,532 ആയി.

ഇന്ന് മാത്രം 336 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ആകെ മരണം 12,573 ആണ്. 

Tags:    

Similar News