ടിപി വധക്കേസ് പ്രതിയായ സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ മരിച്ചു

കേസില്‍ 13-ാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍ അസുഖത്തെത്തുടര്‍ന്ന് ജനുവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Update: 2020-06-11 16:52 GMT

കണ്ണൂര്‍: സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവും ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയുമായ പാറാട് കണ്ണങ്കോട്ടെ പടിഞ്ഞാറെ കുഞ്ഞിക്കാട്ടില്‍ പി കെ കുഞ്ഞനന്തന്‍(72) മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9.25ഓടെയാണ് അന്ത്യം. ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ 13ാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ജനുവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞനന്തനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്തു വിദഗ്ധ ചികില്‍സയ്ക്കായി ജീവപര്യന്തം തടവുശിക്ഷ മൂന്നുമാസം മരവിപ്പിച്ച് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ടിന്റെറ അടിസ്ഥാനത്തിലായിരുന്നു ഒന്നിടവിട്ട ഞായറാഴ്ചകളില്‍ പാനൂര്‍ സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെ കോടതി നടപടി. സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തന്‍ ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

    15 വര്‍ഷത്തോളം സിപിഎം കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായിരുന്നു. കര്‍ഷകത്തൊഴിലാളി യൂനിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, 1980 മുതല്‍ സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇദ്ദേഹത്തെ 2014 ജനുവരിയിലാണ് വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

    പരേതരായ കേളോത്താന്റവിടെ കണ്ണന്‍നായര്‍-കുഞ്ഞിക്കാട്ടില്‍ കുഞ്ഞാനമ്മ ദമ്പതികളുടെ മകനാണ്. കണ്ണങ്കോട് യുപി സ്‌കൂളിലായിരുന്നു പഠനം. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലും കുന്നോത്തുപറമ്പ് പഞ്ചായത്തിലും അംഗമായിരുന്ന ശാന്തയാണ് ഭാര്യ. മക്കള്‍: ശബ്‌ന(അധ്യാപിക, കണ്ണങ്കോട് യുപി സ്‌കൂള്‍), ഷിറില്‍(ഖത്തര്‍). മരുമക്കള്‍: മനോഹരന്‍, നവ്യ(അധ്യാപിക, പാറേമ്മല്‍ യുപി സ്‌കൂള്‍). സഹോദരങ്ങള്‍: പി കെ നാരായണന്‍(പ്രധാനാധ്യാപകന്‍, കണ്ണങ്കോട് യുപി സ്‌കൂള്‍), പരേതനായ ബാലന്‍നായര്‍.



Tags:    

Similar News