അലനും താഹക്കും ജാമ്യം ലഭിച്ചതില്‍ പ്രതികരിക്കാനില്ലെന്ന് പി മോഹനന്‍

അതേസമയം അലനും താഹക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.

Update: 2020-09-09 14:00 GMT

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹയ്ക്കും ജാമ്യം ലഭിച്ചതു സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. പന്തീരങ്കാവ് യുഎപിഎ കേസില്‍ അലനും താഹയും അറസ്റ്റിലായതിന് പിന്നാലെ ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന തരത്തില്‍ ജില്ലാ സെക്രട്ടറി പി മോഹനന്‍ പൊതുയോഗങ്ങളില്‍ പറഞ്ഞിരുന്നു.

അതേസമയം അലനും താഹക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചതില്‍ അദേഹം സന്തോഷം പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥികളായ ഇരുവരുടെയും പേരില്‍ പൊലീസും എന്‍ഐഎയും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവര്‍ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ആരോപണമില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഎം എതിരാണെന്നും എംഎ ബേബി ഫേസ്ബുക്കില്‍ എഴുതി. അലന്‍, താഹ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ സിപിഎം സംസ്ഥാന നേതാക്കള്‍ പ്രതികൂല സമീപനം സ്വീകരിച്ചപ്പോഴും അതില്‍ നിന്നും വിരുദ്ധമായി ഇരുവര്‍ക്കും അനുകൂലമായ നിലപാടായിരുന്നു എം.എ ബേബി തുടക്കം മുതല്‍ സ്വീകരിച്ചത്. 

Tags:    

Similar News