പുതുമുഖങ്ങള്‍ക്ക് പ്രഥമപരിഗണന: പി രാജീവ്, കെ എന്‍ ബാലഗോപാല്‍ മന്ത്രിമാരായേക്കും
എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, സി എച്ച് കുഞ്ഞമ്പു, എംബി രാജേഷ്, കാനത്തില്‍ ജമീല എന്നിവരും മന്ത്രിമാരായേക്കും
തിരുവനന്തപുരം: പുതിയ ഇടതു മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് പ്രഥമ പരിഗണനയെന്ന് സൂചന. ഇന്നലെ നടന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പരമാവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനാണ്് ധാരണയായത്. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നാണ് പിബി തീരുമാനം. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായിരുന്ന കെകെ ശൈലജയുടെ കാര്യത്തില്‍ ഇളവുണ്ടായേക്കും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ചു എകെജി സെന്ററില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ അംഗങ്ങളെക്കുറിച്ച്് പ്രാഥമിക ചര്‍ച്ച നടന്നു. പുതുമുഖങ്ങളെ പരിഗണക്കണമെന്ന പിബി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വീണ്ടും നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമധാരണയുണ്ടായേക്കും. ഇതിനിടെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും.
പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ പുതിയ മന്ത്രിസഭയില്‍ അംഗങ്ങളായേക്കും. രണ്ടും പേരും മുന്‍ എംപിമാരും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ്. പി രാജീവ് ദേശാഭിമാനി ചീഫ് എഡിറ്ററും കെ എന്‍ ബാലഗോപാല്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ആയിരുന്നു. പി രാജീവിന് ധനകാര്യ വകുപ്പും കെ എന്‍ ബാലഗോപാലിന് പൊതു മരാമത്തും ലഭിക്കാനാണ് സാധ്യത.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കൊപ്പം പ്രവര്‍ത്തന ഗ്രാഫുയര്‍ത്തിയ കെകെ ശൈലജ ടീച്ചര്‍ ഈ മന്ത്രിസഭയിലുണ്ടാവും. ശൈലജ ടീച്ചറിന് പുറമെ വനിത അംഗമായി ഒരു പുതുമുഖത്തിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ഉയര്‍ന്ന പാര്‍ട്ടി ഘടകങ്ങളില്‍ ഇല്ലെങ്കിലും വീണ ജോര്‍ജ്ജും കാനത്തില്‍ ജമീലയുമാണ് സാധ്യതാപട്ടികയിലുള്ളത്.
നേമത്ത് കുമ്മനത്തെ പരാജയപ്പെടുത്തിയ വി ശിവന്‍കുട്ടിയെ ആണ് പരിഗണിക്കുന്നത്. എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, സി എച്ച് കുഞ്ഞമ്പു, എംബി രാജേഷ് എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത. മലബാറില്‍ നിന്ന് എ വി അബ്ദുറഹ്മാനെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. കെടി ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരില്‍ ഒരാളെ സ്പീക്കറാക്കിയേക്കും.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമേ മറ്റുകക്ഷികളുടെ സീറ്റുകളെകുറിച്ച് അറിയാന്‍ കഴിയൂ. സിപിഐയുടെ കാബിനറ്റ് അംഗങ്ങളില്‍ ഒരാളുടെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്്. കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനമാണ് ആഗ്രഹിക്കുന്നത്. രണ്ട് അംഗങ്ങളുള്ള ജെഡിഎസ്, എന്‍സിപി എന്നിവര്‍ക്ക് മന്ത്രി സ്ഥാനമുണ്ടാകും. ഏക അംഗങ്ങളുടെ ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ഉണ്ടാകില്ല എന്നാണ് സൂചന. എന്നാല്‍ ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ്(ബി) എന്നീ കക്ഷികളെ പരിഗണിച്ചേക്കും. ഘടകക്ഷികളുടെ മന്ത്രിസ്ഥാനം സംബന്ധിച്ച്് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും എല്‍ഡിഎഫ് യോഗത്തിനും ശേഷമേ അന്തിമ ചിത്രം ലഭിക്കൂ.