രണ്ടാം മോദി മന്ത്രിസഭയില്‍ 22 മന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; 54ല്‍ 51 പേരും കോടീശ്വരര്‍

ഇതില്‍ 16 പേര്‍ക്കെതിരേ ഭീകരവാദം, രാജ്യദ്രോഹം, കൊലപാതകം, ബലാല്‍സംഗം, കവര്‍ച്ച, സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കല്‍, തിരഞ്ഞെടുപ്പ് ചട്ടലംഘനം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങി ഗുരുതരമായ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Update: 2019-06-02 02:11 GMT

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോള്‍ സത്യപ്രതിജ്ഞ ചെയ്ത 54 കേന്ദ്രമന്ത്രിമാരില്‍ 22 പേരും ക്രിമിനല്‍ കേസ് പ്രതികള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഇവര്‍ തന്നെ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പ്രകാരമാണ് കേസ് വിശദാംശങ്ങള്‍ പുറത്തുവന്നത്. മാത്രമല്ല, ആകെയുള്ള 54 മന്ത്രിമാരില്‍ 51 പേരും കോടീശ്വരന്‍മാരാണെന്നും ഇന്ത്യാ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 16 പേര്‍ക്കെതിരേ ഭീകരവാദം, രാജ്യദ്രോഹം, കൊലപാതകം, ബലാല്‍സംഗം, കവര്‍ച്ച, സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കല്‍, തിരഞ്ഞെടുപ്പ് ചട്ടലംഘനം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങി ഗുരുതരമായ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അമിത് ഷാ, പ്രഹ്ലാദ് ജോഷി, പ്രതാപ് ചന്ദ്ര സാരംഗി, ബാബുല്‍ സുപ്രിയോ, ഗിരിരാജ് സിങ്, നിത്യാനന്ദ് റായ് തുടങ്ങിയ ആറു കേന്ദ്രമന്ത്രിമാര്‍ക്കെതിരേ വിവിധ മതവിഭാഗങ്ങള്‍ തമ്മിലും ഭാഷയുടെയും ദേശത്തിന്റെയും പേരിലും ശത്രുത വളര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്ന കേസുകളാണുള്ളത്. ഇവര്‍ക്കെതിരേ ഐപിസി സെക്്ഷന്‍ 153-എ വകുപ്പ് പ്രകാരം സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിനും ഇതര സമുദായങ്ങളുടെ വിശ്വാസത്തിനു മുറിവേല്‍പ്പിക്കും വിധം പ്രവര്‍ത്തിക്കുകയും കലാപത്തിനു പ്രേരിപ്പിക്കുകയും ചെയ്തതിനു ഐപിസി സെക്്ഷന്‍ 295-എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

    അശ്വനി കുമാര്‍ ഛൗബേ, നിധിന്‍ ഗഡ്കരി, ഗിരിരാജ് സിങ് എന്നിവര്‍ക്കെതിരേ തിരഞ്ഞെടുപ്പില്‍ അനധികൃത പണമിടപാട് നടത്തിയതിനും(ഐപിസി സെക്്ഷന്‍ 171-എച്ച്), കൈക്കൂലി(ഐപിസി 171ഇ), തിരഞ്ഞെടുപ്പില്‍ അനധികൃതമായി സ്വാധീനിക്കല്‍(ഐപിസി 171എഫ്) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളിലെ പ്രതികളാണ്. കേരളത്തില്‍ നിന്നുള്ള ഏക മന്ത്രിയായ വി മുരളീധരനെതിരേ വധശ്രമക്കേസ് നിലവിലുണ്ട്.

    രണ്ടാം മോദി സര്‍ക്കാരിലെ ആകെയുള്ള 56 മന്ത്രിമാരില്‍ 51 പേരും കോടീശ്വരന്‍മാരാണ്. പഞ്ചാബിലെ ബതിന്തയില്‍ നിന്നുള്ള ശിരോമണി അകാലിദള്‍ പ്രതിനിധിയായ മന്ത്രി ഹര്‍ശ്രിമത് കൗര്‍ ബാദലിന്റെ സമ്പാദ്യം 217 കോടി രൂപയാണെന്നു നാഷനല്‍ ഇലക്്ഷന്‍ വാച്ചും(എന്‍ഇഡബ്ല്യു) അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസും(എഡിആര്‍) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാഗം പിയൂഷ് ഗോയലാണ് മന്ത്രിസഭയിലെ സമ്പന്നപ്പട്ടികയിലെ രണ്ടാമന്‍, ഇയാളുടെ സമ്പാദ്യം 95 കോടിയാണ്. മൂന്നാം സ്ഥാനത്തുള്ള ഗുരുഗ്രാമിലെ എംപിക്ക് 42 കോടിയും ബിജെപി ദേശീയാധ്യക്ഷനും ആഭ്യന്തര മന്ത്രിയും ഗാന്ധിനഗര്‍ എംപിയുമായ അമിത് ഷായ്ക്ക് 40 കോടിയുമാണ് ആസ്തി. സമ്പന്നരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനം 46 ആണ്. ഇദ്ദേഹത്തിനു ആകെ രണ്ടുകോടിയുടെ സ്വത്താണുള്ളതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്.



Tags:    

Similar News