ബിപിന്‍ റാവത്തിനും കല്യാണ്‍സിങ്ങിനും പത്മവിഭൂഷന്‍; വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് പത്മ ഭൂഷന്‍
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നീലഗിരി കുന്നുകളില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും വാക്‌സിന്‍ നിര്‍മാതാക്കളായ കൃഷ്ണ ഇള, സചിത്ര ഇള, സൈറസ് പൂനവാല എന്നിവര്‍ക്കും പത്മ പുരസ്‌കാരങ്ങള്‍. പ്രതിപക്ഷ നേതാക്കളായ ഗുലാം നബി ആസാദ്, ബുദ്ധദേബ് ഭട്ടാചാര്‍ജി, ഇന്ത്യന്‍ വംശജരും സിലിക്കോണ്‍ വാലിയിലെ പ്രമുഖരുമായ നത്യ നാദെല്ല, സുന്ദര്‍ പിച്ചെ എന്നിവരും പുരസ്‌കാരപ്പട്ടികയിലുണ്ട്. 73ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷനാണ് ജനറല്‍ റാവത്ത് അര്‍ഹനായിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങും പുരസ്‌കാരജേതാവായി.
കോണ്‍ഗ്രസ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്, സിപിഎം നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാര്‍ചാര്‍ജി എന്നിവര്‍ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്‌കാരമായ പത്മ ഭൂഷന് അര്‍ഹരായി.
ഭാരത് ബയോടെക് പ്രമോട്ടര്‍മാരായ കൃഷ്ണ ഇള, സുചിത്ര ഇള, സിറം ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂനെവാല എന്നിവര്‍ക്ക് പത്മഭൂഷന്‍ ലഭിക്കും. ഈ മൂന്നു പേരും കൊവാക്‌സിനും കൊവിഷീല്‍ഡും നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
മൈക്രോസോഫാറ്റ് സിഇഒ സത്യ നാദെല്ലയ്ക്കും ഗൂഗിളിന്റെ സുന്ദര്‍ പിച്ചെക്കും പത്മഭൂഷന്‍ ലഭിക്കും. സോനു നിഗം, നീരജ് ചോപ്ര, ജാമിഅ മില്ലിയ ഇസ് ലാമിയ വൈസ് ചാന്‍സ്‌ലര്‍ നജ്മ അഖ്തര്‍ എന്നിവര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം.
പത്മ പുരസ്‌കാരം 130ഓളം പേര്‍ക്കാണ് ലഭിച്ചത്. അതില്‍ 4 പത്മവിഭൂഷന്‍, 17 പത്മഭൂഷന്‍, 107 പത്മശ്രീ പുരസ്‌കാരങ്ങളുണ്ട്. ജേതാക്കളില്‍ 34 പേര്‍ വനിതകളാണ്.