സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് സംസാരിക്കാന്‍ അനുമതി നല്‍കിയില്ല; പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും മറ്റ് പന്ത്രണ്ട് പേര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ച് സംസാരിക്കാന്‍ അവസരം നിഷേധിച്ചതിനെതിരേ പ്രതിപക്ഷ എംപിമാര്‍. പ്രതിപക്ഷത്തുനിന്ന് ഒരാള്‍ക്കു പോലും ആദരാജ്ഞലിയര്‍പ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. തങ്ങള്‍ പാര്‍ലമെന്റിനു പുറത്ത് വന്നശേഷമാണ് മരിച്ച സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
12 രാജ്യസഭാ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരേ ദിവസങ്ങളായി നടക്കുന്ന സഭാബഹിഷ്‌കരണ പരിപാടികള്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ പ്രതിപക്ഷം ഒരു ദിവസത്തേക്ക് നീട്ടിവച്ചിരുന്നു.
മരിച്ചവുരുടെ കുടുംബങ്ങള്‍ക്ക് തങ്ങള്‍ക്കുണ്ടായ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ ശക്തി നല്‍കട്ടെയെന്നും പരിക്കേറ്റ സൈനികന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും മറ്റുളളവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാണ് ഞങ്ങളിവിടെയെത്തിയതും സമരം നീട്ടിവച്ചതും. പക്ഷേ, സര്‍ക്കാര്‍ ഒരാള്‍ക്കുപോലും ഒരു മിനിട്ട് സംസാരിക്കാനുള്ള അവസരം നല്‍കിയില്ല. എതെന്ത് രീതിയാണ്? എന്തു ജനാധിപത്യമാണ്? - ഖാര്‍ഗെ ആശ്ചര്യം പ്രകടിപ്പിച്ചു.
പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനുമിടയിലുള്ള മഞ്ഞുരുക്കത്തിനുളള അവസരമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്ന് ആര്‍ജെഡി എം പി മനോജ് ഝാ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് തമിഴ്‌നാട്ടിലെ കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ബിപിന്‍ റാവത്തും മറ്റ് 12 പേരും മരിച്ചത്. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.