നാല് പതിറ്റാണ്ടു നീണ്ടുനിന്ന സൈനിക സേവനം; വിവാദങ്ങളുടെ തോഴന്‍; ജനറല്‍ ബിപിന്‍ റാവത്തിന്റെ ജീവിതത്തിലൂടെ
ഇന്ന് കൂനൂര്‍ കുന്നുകളില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചു. അദ്ദേഹത്തിന് 63 വയസ്സായിരുന്നു. തമിഴ്‌നാടിലെ നീലഗിരി കുന്നുകളിലാണ് അദ്ദേഹമടക്കം 14 പേര്‍ സഞ്ചരിച്ച വ്യോമസേനാ വിമാനം ഏകദേശം ഉച്ചയ്ക്ക് 12.20ഓടെ നിലംപൊത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ എംഐ 17 വി 5 ചോപ്പറിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര. അദ്ദേഹത്തോടൊപ്പം ഭാര്യ ഡോ. മധുലിക റാവത്തുമുണ്ടായിരുന്നു. മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു.
കോയമ്പത്തൂര്‍ സുലൂരിലെ സൈനിക ആസ്ഥാനത്തുനിന്നാണ് ചോപ്പര്‍ പുറപ്പെട്ടത്. കൂനൂരിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍ കാഡറ്റുകളുമായി ഒരു ഇന്ററാറ്റീവ് സെഷന്‍. പക്ഷേ, അങ്ങോട്ടെത്താന്‍ മിനിട്ടുകള്‍ മാത്രം അവശേഷിക്കെ പത്ത് കിലോമീറ്റര്‍ അകലെവച്ച് ചോപ്പര്‍ പൊട്ടിത്തെറിച്ചു. അപകടകാരണം മോശം കാലാവസ്ഥയാണെന്നാണ് റിപോര്‍ട്ട്.
നാല് പതിറ്റാണ്ട് നീണ്ടുനിന്ന സേവനചരിത്രമുണ്ട് റാവത്തിന്. സംയുക്ത സൈനിക മേധാവിയായിരിക്കെയാണ് മരണം. മൂന്ന് സര്‍വീസുകളുടെയും മേധാവിയുടെ സ്ഥാനമാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റേത്. സൈന്യത്തിന്റെ മൂന്ന് സര്‍വീസുകളായ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സംയുക്ത മേധാവിയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്.
2016ലാണ് റാവത്ത് കരസേനാ മാധാവിയാകുന്നത്. അന്നുതന്നെ അദ്ദേഹത്തിന്റെ സീനിയോരിറ്റിയെ സംബന്ധിച്ച ചില മുറുമുറുപ്പുകള്‍ സേനയിലുണ്ടായി. കരസേനാ മേധാവി സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹം രണ്ട് പേരെ സര്‍വീസില്‍ നിന്ന് കാരണമുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് 2019ല്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെയാള്‍. അദ്ദേഹത്തിന്റെ സര്‍വീസ് നീട്ടിക്കൊടുക്കാന്‍ സര്‍ക്കാര്‍ വിരമിക്കല്‍പ്രായം 62ല്‍ നിന്ന് 65ആയി വര്‍ധിപ്പിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധപ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തിയതില്‍ റാവത്തിന് വലിയ പങ്കുണ്ട്. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എന്‍എസ്സിഎന്‍-കെ സായുധര്‍ നടത്തിയ ഓപറേഷനെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചു.
2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ഭാഗമായിരുന്നു. അന്ന് ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖയിലേക്ക് കടന്നുചെന്ന് പാകിസ്താന്‍ അധിനിവേശ കശ്മീരില്‍ വന്‍ ആക്രമണം സംഘടിപ്പിച്ചു. ബലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനും റാവത്ത് തന്നെ. അതേസമയം ആ ആക്രമണങ്ങളില്‍ നിരവധി കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
സൗത്ത് ബ്ലോക്കിലെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നതും റാവത്താണ്.
പര്‍വതമേഖലയിലെ സൈനിക നീക്കങ്ങളില്‍ വിദഗ്ധനായിരുന്നു റാവത്ത്. ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായും പ്രവര്‍ത്തിച്ചു.
സൈന്യത്തില്‍ നിരവധി രംഗങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഉറിയില്‍ ഒരു കമ്പനിയെ നയിച്ചു. കേണല്‍ എന്ന നിലയില്‍ ഗൂര്‍ഖാ റൈഫിള്‍സിന്റെ 5ാം ബറ്റാലിയന് നേതൃത്വം നല്‍കി. അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയിലും പ്രവര്‍ത്തിച്ചുട്ടുണ്ട്. ബ്രിഗേഡിയറെന്ന നിലയില്‍ കശ്മീരിലെ രാഷ്ട്രീയ റൈഫിള്‍സിനെ നയിച്ചു. യുഎന്‍ സമാധാന സേനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോംങ്കൊയില്‍ ബഹുരാഷ്ട്ര സൈന്യത്തിന്റെ ഭാഗമായിരുന്നു.
ആ പദവിയിലിരുന്ന് നിരവധി മെഡലുകളും നേടി.
തന്റെ ദീര്‍ഘകാലത്തെ സര്‍വീസിനിടയില്‍ നിരവധി സൈനിക മെഡലുകള്‍ നേടി. പരം വിശിഷ്ട് സേവാ മെഡല്‍, ഉത്തംയുദ്ധ് സേവാ മെഡല്‍, അതി വിശിഷ്ട് സേവാ മെഡല്‍, വിശിഷ്ട് സേവാ മെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ എന്നിവ അവയില്‍ ചിലതാണ്.
ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളില്‍ നിന്ന് പ്രഥമിക വിദ്യാഭ്യാസം നേടി. ഖഡക്വാസ്ല നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠിച്ചു. 1978ല്‍ അഞ്ചാം ബറ്റാലിയനില്‍ 11 ഖൂര്‍ഖാ റൈഫിള്‍സിന്റെ ഭാഗമായി സൈനിക ജീവിതം ആരംഭിച്ചു. ഡറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലും പഠനം പൂര്‍ത്തിയാക്കി. സ്വേര്‍ഡ് ഓഫ് ഓണര്‍ നേടിയിട്ടുണ്ട്.
യുഎസ്സിലെ ഫോര്‍ട്ട് ലാവെന്‍വര്‍ത്തിലെ ജനറല്‍ സ്റ്റാഫ് കോളജിലും കോഴ്‌സ് പൂര്‍ത്തീകരിച്ചു.
ഇന്നത്തെ അപകടത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ മധുലിക രാജെ സിങ്ങും മരിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്, കാര്‍ത്തിക്, തരിനി.
1958ല്‍ ഉത്തരാഖണ്ഡിലെ പുരിയിലാണ് ജനനം. ഗര്‍വാളി രജ്പുത് കുടുംബം. അദ്ദേഹത്തിന്റെ കുടുംബത്തില്‍ പല തലമുറകളിലുള്ളവര്‍ സൈനിക സേവനം നടത്തിയിട്ടുണ്ട്. പിതാവ് ലക്ഷ്മണ്‍ സിങ് റാവത്ത് ലഫ്റ്റ്‌നെന്റ് ജനറലായിരുന്നു. മാതാവ് കിഷന്‍ സിങ് പാര്‍മര്‍ മുന്‍ ഉത്തരാഖണ്ഡ് എംഎല്‍എയുടെ മകളാണ്.