പി സി അബ്ദുല്ല
കോഴിക്കോട്: പാലത്തായി ബാലികാ പീഡനക്കേസ് അന്വേഷണ ചുമതലയിൽ നിന്ന് ക്രെെംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ ഒഴിവാക്കുമെന്ന് ഉറപ്പായി. തിങ്കളാഴ്ചക്കകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാണ്ടാകുമെന്ന് എഡിജിപി ടോമിൻ ജെ തച്ചങ്കരി തേജസ് ന്യൂസിനോട് സൂചിപ്പിച്ചു.
തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പട്ടതു പ്രകാരം വനിതാ ഉദ്യോഗസ്ഥരെ പാലത്തായി കേസ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും. കാസർകോട് ജില്ലാ പോലിസ് മേധാവി ഡി ശിൽപ, കണ്ണൂർ നാർകോട്ടിക് സെൽ ഡിവെെഎസ്പി രേഷ്മ രമേശ് എന്നിവരുടെ പേരുകളാണ് പുറത്തു വന്നത്.
എന്നാൽ, ഡി ശിൽപയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല. കാസർകോട് ചുമതലയുടെ തിരക്കുകൾക്കിടയിൽ ശിൽപക്ക് പാലത്തായി കേസ് അന്വേഷണത്തിൽ എത്രത്തോളം ഇടപഴകാനാവുമെന്നതാണ് പ്രതിബന്ധം.
അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയാലും എസ് ശ്രീജിത്ത് ക്രെെംബ്രാഞ്ച് ഐജിയായി തുടരുന്നത് തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പല കേന്ദ്രങ്ങളും പങ്കുവയ്ക്കുന്നു. ഈ സാഹചര്യത്തിൽ ഡിജിപി ആർ ശ്രീലേഖക്ക് അന്വേഷണച്ചുമതല നൽകണമെന്ന ആവശ്യം ശക്തമാണ്. വി എം സുധീരനടക്കമുള്ളവർ ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.