പാലത്തായി ബാലികാപീഡനം: ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

Update: 2020-07-15 15:50 GMT

കണ്ണൂര്‍: പാലത്തായി ബാലികാ പീഡനക്കേസില്‍ നീതിക്ക് വേണ്ടിയുള്ള സമരം തുടരുമെന്നും പോലിസ് മര്‍ദ്ദനം കൊണ്ടൊന്നും അത് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പെണ്‍കുട്ടി തന്റെ അധ്യാപകനാല്‍ ക്രൂരമായ പീഡനത്തിനിരയായി മാസങ്ങള്‍ കഴിഞ്ഞിട്ടും പോലിസിന്റെ മെല്ലെപോക്ക് നയം തുടരുകയാണ്. പീഡന വീരനായിട്ടുള്ള ആര്‍എസ്എസ് നേതാവിനെ രക്ഷിക്കാനാണ് പോലിസിന് തിടുക്കം. പോലിസിനുള്ളിലെ ആര്‍എസ്എസ് സെല്‍ ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പ് ഒഴിവാക്കിയത്. വെറും പീഢനമായി കാണുന്നതിന് പകരം ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായിട്ടുള്ള വംശവെറിയും മത വെറിയും കൂടി പീഡനത്തിന് കാരണമാണ്. പോക്‌സോ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭം ഈ ഓഫിസിന് മുന്നില്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ശംസുദ്ദീന്‍ മൗലവി സംസാരിച്ചു.


Tags:    

Similar News