പാണക്കാട് തങ്ങന്‍മാരുടെത് അവസാനവാക്ക്; ഹരിത വിഷയത്തില്‍ നിലപാട് മാറ്റി കുഞ്ഞാലിക്കുട്ടി
ഹരിത വിഷയത്തിലെ സമീപനം പുനപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പി കെ കുഞ്ഞാലിക്കുട്ടി നിലപാട് മാറ്റിയത്.
കോഴിക്കോട്: ഹരിത നേതാക്കളുമായുള്ള ചര്‍ച്ച് തുടരുമെന്ന നിലപാട് മാറ്റി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങന്‍മാരുടെത് അവസാനവാക്കാണെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഹരിത വിഷയത്തിലെ സമീപനം പുനപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പി കെ കുഞ്ഞാലിക്കുട്ടി നിലപാട് മാറ്റിയത്. ചര്‍ച്ചയുടെ വാതിലടഞ്ഞിട്ടില്ലെന്നും നീതി തേടിയെത്തുന്നവര്‍ക്ക് നീതി നല്‍കുന്നതാണ് ലീഗിന്റെ പാരമ്പര്യമെന്നും മുന്‍ ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എംഎല്‍എ ഇന്നലെ ഫേസ്ബൂക്കില്‍ കുറിപ്പിട്ടിരുന്നു. ചര്‍ച്ച തുടരുമെന്നാണ് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നത്. ഇതോടെയാണ് ഹരിതയുടെ കാര്യത്തിലെടുത്ത തീരുമാനം പ്രവര്‍ത്തകസമിതി യോഗത്തില്‍ പുനപരിശോധിച്ചെക്കുമെന്ന ചര്‍ച്ച ശക്തമായത്.
എന്നാല്‍ ഹരിത വിഷയത്തില്‍ കടുത്ത നിലപാടാണ് പാണക്കാട് സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനയില്‍ അദ്ദേഹം അതൃപ്തി അറിയിച്ചതോടെയാണ് പി കെ കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തിന്റെ തീരുമാനം അന്തിമമാണെന്ന പ്രസ്താവനയുമായി എത്തിയത്. വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ള പി കെ നവാസിനെ സംരക്ഷിച്ചത് പാണക്കാട് സാദിഖലി തങ്ങളാണെന്ന വിമര്‍ശനം ലീഗില്‍ ശക്തമാണ്.