'സിപിഎം ജാഥയില്‍ പങ്കെടുക്കണം, ഇല്ലെങ്കില്‍ പണി പോവും'; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പഞ്ചായത്തംഗത്തിന്റെ ഭീഷണി
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി സന്ദേശം. മയ്യില്‍ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സുചിത്രയുടെ വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ഭീഷണി. തൊഴിലാളികള്‍ അടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചത്. ജാഥയ്ക്ക് പോവാത്തവര്‍ക്ക് ജോലി നല്‍കണോ എന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് സന്ദേശത്തില്‍ പറയുന്നു. അസൗകര്യമുള്ളവര്‍ തന്നെ നേരിട്ട് വിളിക്കണം, അവര്‍ക്കുള്ള മറുപടി നേരിട്ട് നല്‍കുമെന്നും പഞ്ചായത്തംഗം സന്ദേശത്തിലൂടെ അറിയിക്കുന്നു.
സിപിഎം പരിപാടിക്ക് പങ്കെടുത്തില്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയില്ലെന്ന് ഭീഷണിപ്പെടുത്താന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സിപിഎമ്മിന്റെ അടിമകളല്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. തില്ലങ്കേരി കൊലയാളി സംഘത്തിന്റെ വെളിപ്പെടുത്തലുകള്‍ കാരണം ജനമധ്യത്തില്‍ സിപിഎം അപഹാസ്യമായി നില്‍ക്കുന്ന അവസരത്തിലാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതിരോധ ജാഥ നയിക്കുന്നത്. പ്രതിരോധ ജാഥയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് ഭീഷണി സ്വരത്തില്‍ താക്കീത് നല്‍കുന്ന മയ്യില്‍ ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ സുചിത്രയുടെ വോയിസ് തൊഴിലാളി വിരുദ്ധവും ജനാതിപത്യ മര്യാദയ്ക്ക് നിരക്കാത്തതുമാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോള്‍ പാവപ്പെട്ടവര്‍ക്കായി നടപ്പിലാക്കിയ പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ആശ്വാസമായ ഈ പദ്ധതിയെ തൊഴിലാളികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ ദിനങ്ങള്‍ ചുരുക്കിയത് കാരണവും ഫണ്ട് വെട്ടിക്കുറച്ചത് മൂലവും വളരെയധികം ബുദ്ധിമുട്ടിലാണ് മുന്നോട്ടുപോവുന്നത്. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലും യാതൊരു ലജ്ജയുമില്ലാതെ കയ്യിട്ടു വാരിയ പാര്‍ട്ടി സഖാക്കളും മൗനാനുവാദം നല്‍കിയ സിപിഎം പാര്‍ട്ടിയും തൊഴില്‍ ഉറപ്പ് പദ്ധതിയെയും ,കുടുംബശ്രീയെയും പൂര്‍ണമായും രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.