പന്തീരാങ്കാവ് യുഎപിഎ കേസ്: വിജിത്ത് വിജയന്റെ ജാമ്യം നിഷേധിച്ചത് ദൗര്‍ഭാഗ്യകരമെന്ന് പി അബ്ദുല്‍ ഹമീദ്

സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെ യുഎപിഎ വിരുദ്ധ നിലപാടിലെ കാപട്യം കൂടി വ്യക്തമാക്കുന്നതാണ് ഈ കേസ്

Update: 2022-06-02 14:42 GMT

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ വയനാട് കല്‍പ്പറ്റ സ്വദേശി വിജിത്ത് വിജയന് ജാമ്യം നിക്ഷേധിച്ച ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. മാവോവാദി ബന്ധമാരോപിച്ചാണ് വിജിത്തിനെതിരേ യുഎപിഎ ചുമത്തി കേസെടുത്ത് അറസ്റ്റു ചെയ്തത്. നിരോധിക്കപ്പെട്ട സംഘടനയില്‍ അംഗമായിരുന്നു എന്നത് കുറ്റകരമായി കാണാനാവില്ലെന്ന് മുമ്പ് പരമോന്നത നീതിപീഠമായ സുപ്രിം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെ യുഎപിഎ വിരുദ്ധ നിലപാടിലെ കാപട്യം കൂടി വ്യക്തമാക്കുന്നതാണ് ഈ കേസ്. സമീപകാലത്തായി നീതിപീഠങ്ങളില്‍ നിന്നുണ്ടാകുന്ന വിധികള്‍ ആശങ്കാജനകമാണ്. ജാമ്യമാണ് നീതി, ജയിലല്ല എന്ന നീതിയുടെ ബാലപാഠത്തെ പോലും നിരാകരിക്കുന്നതാണ് ഇത്തരം കോടതി വിധികള്‍. പൗരന്മാര്‍ക്ക് അനന്തമായ തടവറകളൊരുക്കുന്ന യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ പിന്‍വലിക്കാന്‍ ജനാധിപത്യസര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. സംഘപരിവാര ഭരണകൂടം അവര്‍ക്കെതിരായ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ചുട്ടെടുക്കുന്ന ഭീകര നിയമങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പോലും ദുരുപയോഗം ചെയ്യുന്നതിന്റെ അപകടമാണ് പന്തീരാങ്കാവ് ഉള്‍പ്പെടെയുള്ള കേസുകള്‍ വ്യക്തമാക്കുന്നത്. യുഎപിഎ ഉള്‍പ്പെടെയുള്ള ജനാധിപത്യവിരുദ്ധമായ നിയമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും തീര്‍ക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും അല്ലാത്തപക്ഷം ഭരണകൂട ഭീകരത പൗരസ്വാതന്ത്ര്യം കവര്‍ന്നെടുക്കുമെന്നും പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പു നല്‍കി. 

Tags:    

Similar News