വര്‍ക്കലയിലെ പാരാഗ്ലൈഡിങ് അപകടം; മൂന്നുപേര്‍ അറസ്റ്റില്‍

Update: 2023-03-08 05:11 GMT
വര്‍ക്കലയിലെ പാരാഗ്ലൈഡിങ് അപകടം; മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ അപകടമുണ്ടായ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. ഫ്‌ളൈ അഡ്വഞ്ചേഴ്‌സ് എന്ന പാരാഗ്ലൈഡിങ് കമ്പനിക്കെതിരെയും പോലിസ് കേസെടുത്തു. സംഭവത്തില്‍ കമ്പനി ഉടമകളുടെ അടക്കം മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, പരിക്കേറ്റ യുവതിയില്‍നിന്ന് കമ്പനി അധികൃതര്‍ സ്റ്റാമ്പ് ഒട്ടിച്ച വെള്ളപേപ്പര്‍ ഒപ്പിട്ട് വാങ്ങിയെന്നും പരാതിയുണ്ട്. ആശുപത്രി ജീവനക്കാരെന്ന വ്യാജേന എത്തിയാണ് ഒപ്പുവാങ്ങിയത്.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ അപകടമുണ്ടായത്. പാരാഗ്ലൈഡിങ്ങിനിടെ രണ്ടുപേര്‍ ഹൈമാസ്റ്റ് ലൈറ്റിന് മുകളില്‍ കുടുങ്ങുകയായിരുന്നു. കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്‌നിരക്ഷാ സേനയും പോലിസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തിയത്. രണ്ട് മണിക്കൂറോളം 50 അടി ഉയരത്തില്‍ കുടുങ്ങിക്കിടന്ന ഇരുവരും അഗ്‌നിരക്ഷാ സേന തയ്യാറാക്കിയിരുന്ന വലയിലേക്ക് പതിക്കുകയായിരുന്നു. ലൈറ്റിന് താഴെയായി തയ്യാറാക്കിയിരുന്ന വലയിലേക്ക് വീണതിനാല്‍ ഇരുവര്‍ക്കും കാര്യമായ പരിക്കുകളില്ല.

Tags:    

Similar News