പാറത്തോട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കോട്ടയം: പാറത്തോട് ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ ഇടക്കുന്നത്ത് ഫെബ്രുവരി 28ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ് ഡിപിഐ സ്ഥാനാര്‍ഥി ഫിലോമിന ബേബി വാക്കയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ എസ് ഡിപിഐ നേതാക്കളോടും പ്രവര്‍ത്തകരോടുമൊപ്പമെത്തിയാണ് സ്ഥാനാര്‍ഥി പാറത്തോട് പഞ്ചായത്ത് സെക്രട്ടറി അനൂപ് മുമ്പാകെ പത്രിക നല്‍കിയത്.
എസ്ഡിപി ഐ പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് നൂഹ്, സെക്രട്ടറി ഷെഫി കുഴിക്കാടന്‍, പഞ്ചായത്ത് കമ്മിറ്റി അംഗം മുഹമ്മദ് കുട്ടി, പാറത്തോട് പഞ്ചായത്ത് മെംബര്‍മാരായ കെ യു അലിയാര്‍, സുമിനാ അലിയാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. പഞ്ചായത്തിലെ സിപിഐ അംഗമായിരുന്ന ജോളി തോമസ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐയിലെ ജോസ്‌ന അന്നാ ജോസും യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ മിനി സാം വര്‍ഗീസുമാണ് മല്‍സരിക്കുന്നത്.