മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: അവസാന ദിവസം തിരക്കിട്ട പ്രചാരണം; വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ച് ഡോ.തസ്‌ലിം റഹ്മാനി
വൈകുന്നേരം മഞ്ചേരിയിലെ തബ്‌ലീഗ് മര്‍കസിലായിരുന്നു സന്ദര്‍ശനം. കോളജ് പ്രിന്‍സിപ്പില്‍ ഈസ മൗലവി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥിയെ ഹൃദ്യമായി സ്വീകരിച്ചു. വിദ്യാര്‍ഥികളുമായുള്ള സംസാരത്തില്‍ ഫാഷിസത്തിന്റെ അപകടങ്ങളെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും പറഞ്ഞത്.
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ.തസ്‌ലിം റഹ്മാനിയുടെ പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം ഏറെ തിരക്ക് പിടിച്ചതായിരുന്നു. രാവിലെ മേല്‍മുറിയിലേയും ആലത്തൂര്‍ പടിയിലേയും വീടുകളില്‍ കയറി നേരിട്ടുള്ള വോട്ടഭ്യര്‍ഥന ആയിരുന്നു. ഉച്ചവരെ നൂറുകണക്കിന് വീടുകളില്‍ കയറിയിറങ്ങി പൂക്കോട്ടൂരിലെ കല്യാണ വീട്ടിലും എത്തി. അവിടെ കല്യാണത്തിന് വന്നിരുന്ന എല്ലാവരോടും വോട്ടഭ്യര്‍ഥന നടത്തി. ഉച്ചയ്ക്കുശേഷം മണ്ഡലത്തിലെ പ്രധാന വ്യക്തികളുമായി ഫോണില്‍ ബന്ധപ്പെട്ട് വോട്ടുറപ്പിക്കുന്നതിനാണ് നീക്കിവച്ചത്.
ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെയും പ്രമുഖ വ്യക്തികളെയെല്ലാം ഇപ്രകാരം ഫോണില്‍ ബന്ധപ്പെട്ടു. പൂക്കോട്ടൂരങ്ങാടിയിലും നേരിട്ടെത്തി ആളുകളോട് വോട്ടഭ്യര്‍ഥന നടത്തി. വൈകുന്നേരം മഞ്ചേരിയിലെ തബ്‌ലീഗ് മര്‍കസിലായിരുന്നു സന്ദര്‍ശനം. കോളജ് പ്രിന്‍സിപ്പില്‍ ഈസ മൗലവി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥിയെ ഹൃദ്യമായി സ്വീകരിച്ചു. വിദ്യാര്‍ഥികളുമായുള്ള സംസാരത്തില്‍ ഫാഷിസത്തിന്റെ അപകടങ്ങളെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും പറഞ്ഞത്. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ചയായി. ഇടവേളകളിലെല്ലാം മണ്ഡലത്തിലെ സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയരംഗത്തുള്ള പ്രമുഖരുമായി ബന്ധപ്പെട്ട് ഫോണിലൂടെയുള്ള വോട്ട് അഭ്യര്‍ഥനയിലായിരുന്നു തസ്‌ലിം റഹ്മാനി.
അദ്ദേഹത്തോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി ടി ഇഖ്‌റാമുല്‍ ഹഖ്, ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, എം പി മുസ്തഫ മാസ്റ്റര്‍, പി ഹംസ, ജില്ലാ ട്രഷറര്‍ സൈദലവി ഹാജി എന്നിവരുമുണ്ടായിരുന്നു. മലപ്പുറം കുന്നുമ്മലില്‍ പരസ്യപചാരണത്തിന്റെ അവസാന മണിക്കൂറില്‍ മലപ്പുറം കുന്നുമ്മലില്‍ സ്ഥാനാര്‍ഥി തസ്‌ലിം റഹ്മാനി നേരിട്ടെത്തി നഗരത്തിലെ റോഡില്‍ തടിച്ചുകൂടിയവരോടെല്ലാം വോട്ടഭ്യര്‍ഥന നടത്തി. അഡ്വ.സാദിഖ് നടുത്തൊടി, സിദ്ദീഖ് മാസ്റ്റര്‍, ലത്തീഫ് എടക്കര, സാദിഖ് ചെമ്മങ്കടവ്, ബഷീര്‍ ആനക്കയം എന്നിവര്‍ നേതൃത്വം നല്‍കി.