പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പ്രചാരണത്തിന് ചൂടേറുന്നു

Update: 2023-08-27 05:37 GMT

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ പ്രചാരണത്തിന് ചൂടേറുന്നു. മഴക്കാലമാണെങ്കിലും കേരളത്തില്‍ ചൂട് കൂടിയെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഇതൊന്നും ബാധിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുസ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിനു വേണ്ടി പ്രചാരണത്തിനെത്തിയതോടെ രംഗം കൂടുതല്‍ ചൂടുപിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനായി കെ മുരളീധരന്‍ എംപി ഇന്ന് മീനടത്തെത്തുന്നുണ്ട്. ഈ മാസം 30ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പങ്കെടുക്കുന്ന പൊതുയോഗവും ഉണ്ടാവും. സപ്തംബര്‍ ഒന്നിന് എകെ ആന്റണി അയര്‍ക്കുന്നം, പുതുപ്പള്ളി എന്നിവിടങ്ങളില്‍ പ്രസംഗിക്കും. ഉമ്മന്‍ചാണ്ടിയുടെ നാല്‍പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള കുര്‍ബാനകളിലും പ്രാര്‍ത്ഥനകളും പങ്കെടുക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ പൊതുപ്രചാരണ പരിപാടികള്‍ ഒഴിവാക്കിയിരുന്നു. ഇടതുസ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പര്യടനം ഇന്ന് അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലാണ്. 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പുതുപ്പള്ളിയിലെത്തും. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അവധിദിവസങ്ങളിലും കുടുംബയോഗങ്ങള്‍ക്ക് അവധി നല്‍കിയിട്ടില്ല.



Tags:    

Similar News