മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: പശ്ചാത്തലം ചര്‍ച്ചയാക്കാതെ മാധ്യമങ്ങളും മുന്നണികളും

സംഘപരിവാര ഭീഷണിയെ ചെറുക്കാനും രാജ്യത്ത് ന്യൂനപക്ഷരാഷ്ട്രീയ ശാക്തീകരണം ലക്ഷ്യം വെച്ചും ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ജനവിധി തേടി ജയിച്ച പി കെ കുഞ്ഞാലിക്കുട്ടി പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ചത് ചര്‍ച്ചയാക്കുന്നതില്‍ മാധ്യമങ്ങള്‍ പിന്നാക്കം പോയത് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ കാരണമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.

Update: 2021-03-29 14:33 GMT

എം ഖമറുദ്ദീന്‍

മലപ്പുറം: ഏപ്രില്‍ 6ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയമുന്നണികളും ബോധപൂര്‍വം വിട്ടുനില്‍ക്കുന്നതായി വിലയിരുത്തല്‍. ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയകാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലാണ് മാധ്യമങ്ങളും മുന്നണികളും പിന്നാക്കം പോയിരിക്കുന്നത്. സംഘപരിവാര ഭീഷണിയെ ചെറുക്കാനും രാജ്യത്ത് ന്യൂനപക്ഷരാഷ്ട്രീയ ശാക്തീകരണം ലക്ഷ്യം വെച്ചും ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ജനവിധി തേടി ജയിച്ച പി കെ കുഞ്ഞാലിക്കുട്ടി പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ചത് ചര്‍ച്ചയാക്കുന്നതില്‍ മാധ്യമങ്ങള്‍ പിന്നാക്കം പോയത് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ കാരണമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ കാരണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിക്കുമ്പോഴൊക്കെ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയോ വിഷയം മാറ്റുകയോ ചെയ്യുന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകളും സ്വന്തം അണികള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. മുസ്‌ലിം ലീഗ് എംപിയായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫ് സ്ഥനാര്‍ഥിയായി ജനവിധി തേടിയത്. തുടര്‍ന്ന് 2019ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി തന്നെ ജയിച്ചുകയറുകയും ചെയ്തു.

കേന്ദ്രത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന കണക്കുകൂട്ടലില്‍ കേന്ദ്രമന്ത്രിസ്ഥാനം സ്വപ്‌നം കണ്ടാണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് പറന്നതെന്നായിരുന്നു പാര്‍ട്ടി അണികള്‍ ഉള്‍പ്പെടെ പലരും അടക്കം പറഞ്ഞിരുന്നത്. എന്നാല്‍, ജനാധിപത്യസംരക്ഷണത്തിന്റെ ലാസ്റ്റ് വണ്ടിയായി കണ്ട കോണ്‍ഗ്രസ് പൊതുതിരഞ്ഞെടുപ്പില്‍ കിതച്ചുവീണതോടെ അധികാരമെന്ന സ്വപ്‌നം പൊലിഞ്ഞു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തന്നെ തിരിച്ചുവരാനുള്ള നീക്കം കുഞ്ഞാലിക്കുട്ടി തുടങ്ങുകയും ചെയ്തു. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈനലി ശിഹാബ് തങ്ങള്‍ അടക്കം പലരും പാര്‍ട്ടി നിലപാടിനെതിരേ രംഗത്തുവന്നെങ്കിലും പാര്‍ട്ടിയിലുള്ള തന്റെ അപ്രമാദിത്വം തെളിയിച്ച് കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുകയായിരുന്നു.

സംഘപരിവാര ഭീഷണിയെ ചെറുക്കാന്‍ എത്രകാലമെടുത്താലും പിന്‍മാറില്ലെന്ന് തിരഞ്ഞെടുപ്പ് സമയത്തുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനകള്‍ ട്രോള്‍മഴയായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലം ചര്‍ച്ച ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യം അവശേഷിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൂട്ടത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഉപതിരഞ്ഞെടുപ്പും നടന്നുകൊള്ളുമെന്ന പൊതുബോധം സൃഷ്ടിക്കുന്നതിലും മാധ്യമങ്ങളെ ഇക്കാര്യത്തില്‍നിന്ന് വഴിതിരിച്ചുവിടുന്നതിലും കുഞ്ഞാലിക്കുട്ടിയും പരിവാരവും ജയിച്ചുവെന്നാണ് ലീഗണികളിലും പൊതുസമൂഹത്തിലും പ്രബലവിഭാഗം വിശ്വസിക്കുന്നത്.

Tags:    

Similar News