അങ്ങനെ പറയേണ്ടിയിരുന്നില്ല; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍

ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു

Update: 2021-06-24 13:20 GMT
അങ്ങനെ പറയേണ്ടിയിരുന്നില്ല; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍

തിരുവനന്തപുരം: അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. 'ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു'-എം സി ജോസഫൈന്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു. സ്വകാര്യ ചാനലില്‍ പരാതി കേള്‍ക്കവെ, എങ്കില്‍ അനുഭവിച്ചോളൂ, എന്ന അധ്യക്ഷയുടെ പരാമര്‍ശമാണ് വിവാദമായത്.

എംസി ജോസഫൈനെതിരേ വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഖേദം പ്രകടനം നടത്തിയിരിക്കുന്നത്.

ജോസഫൈന്റെ വാക്കുകള്‍-

'ഞാന്‍ മനോരമ ചാനലില്‍ ഇന്നലെ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയുണ്ടായി. സമീപകാലത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും അത്രിക്രമങ്ങളിലും ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും ഞാന്‍ അസ്വസ്ഥയായിരുന്നു. ഇന്നലെ മനോരമ ചാനലില്‍ നിന്ന് എന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പ്രതികരണം നടത്താമോ എന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ തിരക്കുള്ള ദിവസം ആയിരുന്നതിനാലും എനിക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാലും ഞാന്‍ ചര്‍ച്ചയ്ക്ക് വരുന്നില്ല എന്ന പറഞ്ഞിരുന്നതാണ്. എന്നാല്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയം ആണെന്നതും വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ പ്രതികരണം ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നും പറഞ്ഞതോടെ ഞാന്‍ ചാനലിലെ പരിപാടിക്ക് ചെല്ലാം എന്ന് അറിയിക്കുകയായിരുന്നു.

എന്നാല്‍ അവിടെ ചെന്ന ശേഷം ആണ് അതൊരു ടെലിഫോണ്‍ വഴി പരാതികേള്‍ക്കുന്ന തരത്തിലാണ് അതിന്റെ ക്രമീകരണം എന്ന് മനസ്സിലായത്. നിരവധി പരാതിക്കാര്‍ ആ പരിപാടിയിലേക്ക് ഫോണ്‍ ചെയ്യുകയുണ്ടായി. ടെലിഫോണ്‍ അഭിമുഖത്തിനിടയില്‍ എറണാകുളം സ്വദേശിനി ആയ സഹോദരി എന്നെ ഫോണില്‍ വിളിച്ച് അവരുടെ ഒരു കുടുംബപ്രശ്‌നം പറയുകയുണ്ടായി. അവരുടെ ശബ്ദം നന്നെ കുറവായിരുന്നതിനാല്‍ എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഘട്ടത്തില്‍ അവരോട് അല്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. സംസാരമധ്യേ, ആ സഹോദരി പോലിസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എന്താണ് പോലിസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണ്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്കുണ്ടായത്.

എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു'.- എംസി ജോസഫൈന്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

Tags:    

Similar News